രാജാജി നഗർ ഫ്ളാറ്റ് സമുച്ചയ നിർമ്മാണം ആദ്യഘട്ടം അവസാന ട്രാക്കിൽ

Sunday 05 October 2025 4:06 AM IST

തിരുവനന്തപുരം: ഏഴ് വർഷമായി മുടങ്ങിക്കിടന്ന രാജാജി നഗർ ഫ്ളാറ്റ് നിർമ്മാണപദ്ധതിയുടെ ആദ്യഘട്ട നിർമ്മാണം അവസാന ട്രാക്കിൽ പുരോഗമിക്കുന്നു. സ്മാർട്ട്സിറ്റി പദ്ധതിപ്രകാരമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ 80 ശതമാനം പൂർത്തിയാക്കി. ആദ്യഘട്ടത്തിൽ 32 കുടുംബങ്ങൾക്കാണ് വീടൊരുങ്ങുന്നത്.നാല് നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയുമടക്കം 650 സ്‌ക്വയർ ഫീറ്റിന്റേതാണ് ഓരോ ഫ്ളാറ്റും. ഭാവിയിൽ രണ്ട് നിലകൾ അധികം നിർമ്മിക്കാവുന്ന തരത്തിൽ ബലമുള്ള അടിത്തറയാണ് പാകിയിട്ടുള്ളത്.

ഗുണഭോക്താക്കളുടെ പ്രായവും ആരോഗ്യവും സൗകര്യങ്ങളും പരിഗണിച്ചാണ് ഫ്ളാറ്റിന്റെ നിർമ്മാണം. ആധുനിക സംവിധാനങ്ങളോടുകൂടിയ സ്വീവേജ്,ഗ്യാസ്,ജല കണക്ഷനുകളും നൽകും.നിലവിൽ ഫ്ളാറ്റ് നിർമ്മിച്ച സ്ഥലത്ത് മുമ്പ് താമസിച്ചിരുന്നവരാണ് പദ്ധതിയിലെ ഗുണഭോക്താക്കൾ.

കോർപ്പറേഷൻ പദ്ധതിപ്രകാരം രാജാജി

നഗറിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത് - 250 വീടുകൾ

അധിക സൗകര്യങ്ങൾ

1) ലിഫ്ട്

2) പാർക്കിംഗ് സൗകര്യം

3) മൈതാനം

4) വെള്ളം ഒഴുകിപ്പോകാനുള്ള ഓടകൾ

5) സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്

6) കമ്യൂണിറ്റി സെന്റർ

പ്രതീക്ഷയിൽ അവർ‌ ഫ്ലാറ്റുകൾ നിർമ്മിക്കുന്നതോടെ ദീർഘകാലമായുള്ള ദുരിതം തീരുമെന്ന പ്രതീക്ഷയിലാണ് രാജാജി നഗർ നിവാസികൾ. പ്ലാസ്റ്റിക്,സ്റ്റീൽ ഷീറ്റുകൾ കൊണ്ടുമറച്ച ഷെഡ്ഡുകളിലാണ് കോളനിയിലെ മിക്ക കുടുംബങ്ങളും താമസിക്കുന്നത്.1977ലാണ് ആദ്യമായി ചെങ്കൽച്ചൂളയിൽ ഫ്ളാറ്റ് മാതൃകയിലുള്ള കെട്ടിടം നിർമ്മിച്ചത്. കാലപ്പഴക്കം കാരണം ഫ്ളാറ്റുകൾ പൊളിഞ്ഞുവീഴാറായി.

2017ലാണ് രാജാജി നഗറിൽ പുതിയ ഫ്ളാറ്റുകൾ നിർമ്മിക്കുന്നതിന് 61.42 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ,​ പല കാരണങ്ങൾ പറഞ്ഞ് നഗരസഭ തന്നെ പദ്ധതി വൈകിപ്പിക്കുകയായിരുന്നു. ആദ്യം ശില്പ പ്രോജക്ട് ആൻഡ് ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിക്ക് ടെൻഡർ നൽകിയെങ്കിലും സമയബന്ധിതമായി ജോലികൾ തുടങ്ങാതിരുന്നതിനാൽ അവരെ ഒഴിവാക്കിയിരുന്നു.

രാജാജി നഗർ

12 ഏക്കർ

2000 കുടുംബങ്ങൾ