62,000 കോടിയുടെ പദ്ധതികൾക്ക് തുടക്കമിട്ട് നരേന്ദ്രമോദി; ബീഹാറിൽ തൊഴിലവസരങ്ങൾ ഇരട്ടിയാക്കും

Sunday 05 October 2025 12:16 AM IST

ന്യൂഡൽഹി: ബീഹാർ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാകുമെന്ന സൂചനകൾക്കിടെ,അവിടെ ഉൾപ്പെടെ 62,000 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കളുടെ ഉന്നമനമാണ് ലക്ഷ്യമെന്നും അഞ്ചുവർഷത്തിനുള്ളിൽ ബീഹാറിൽ തൊഴിലവസരങ്ങൾ ഇരട്ടിയാക്കുമെന്നും മോദി പറഞ്ഞു. ബീഹാറിൽ നിർമ്മിച്ച കർപ്പൂരി ഠാക്കൂർ നൈപുണ്യ വികസന സർവകലാശാലയും ഇന്നലെ ഓൺലൈനായി ഉദ്ഘാടനം ചെയ്‌തു. യുവാക്കളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും വോട്ടുകൾ ലക്ഷ്യമിട്ടാണെന്ന് രാഷ്ട്രീയ വിദഗ്ദ്ധർ വിലയിരുത്തുന്നു. ബീഹാർ മുൻമുഖ്യമന്ത്രിയും പിന്നോക്ക വിഭാഗങ്ങളുടെ ആരാധ്യപുരുഷനുമായ കർപ്പൂരി താക്കൂറിന് 2024ൽ ഭാരത രത്ന പ്രഖ്യാപിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണെന്ന് റിപ്പോ‌ർട്ടുകളുണ്ടായിരുന്നു. ബീഹാറിലെ സർവകലാശാലകളിൽ അക്കാഡമിക്, ഗവേഷണകേന്ദ്രങ്ങൾ,എൻ.ഐ.ടി പാട്‌നയിൽ ബിഹ്‌ത ക്യാമ്പസ്,ബീഹാറിലെ 400 നവോദയ വിദ്യാലയങ്ങളിൽ അടക്കം 1,200 വൊക്കേഷണൽ സ്‌കിൽ ലാബുകൾ എന്നിവയും മോദി ഉദ്ഘാടനം ചെയ്തു.

1,000 സർക്കാർ

ഐ.ടി.ഐകൾ

ഇന്ത്യ അറിവിന്റെയും നൈപുണ്യത്തിന്റെയും കേന്ദ്രമാണ്. ഈ ബൗദ്ധികശക്തിയാണ് ഏറ്റവും വലിയ കരുത്തെന്ന് ഡൽഹി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ മോദി പറഞ്ഞു. രാജ്യത്താകെ 1,000 സർക്കാർ ഐ.ടി.ഐകളുടെ നവീകരണം ലക്ഷ്യമിടുന്ന പി.എം. സേതു പദ്ധതി അടക്കമുള്ളവയ്‌ക്കാണ് തുടക്കമിട്ടത്. പി.എം. സേതു പദ്ധതിയിൽ ബീഹാറിലെ പാട്‌ന,ദർഭംഗ ഐ.ടി.ഐകൾക്ക് പ്രത്യേക പരിഗണന നൽകും. സംസ്ഥാനത്തെ ബിരുദധാരികളായ അഞ്ചുലക്ഷം യുവാക്കൾക്ക് 1000 രൂപ പ്രതിമാസ അലവൻസും നൈപുണ്യ പരിശീലനവും നൽകുന്ന മുഖ്യമന്ത്രി നിശ്ചയ് സ്വയം സഹായത ഭട്ട യോജന പദ്ധതിയും ഉദ്ഘാടനം ചെയ്‌തു. നാലായിരം പേർക്ക് സ‌ർക്കാർ ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറി. മുഖ്യമന്ത്രി ബാലക്/ബാലിക സ്‌കോളർഷിപ്പ് സ്‌കീമിന് കീഴിൽ 9,10 ക്ലാസുകളിലെ 25 ലക്ഷം വിദ്യാർത്ഥികൾക്ക് 450 കോടിയുടെ സ്‌കോളർഷിപ്പുകളും വിതരണം ചെയ്തു. ബീഹാറിൽ ആർ.ജെ.ഡി. സർക്കാരിന്റെ കാലത്ത് തൊഴിലന്വേഷിച്ച് യുവാക്കൾ സംസ്ഥാനം വിട്ട് പോവുകയായിരുന്നു. ഇന്ന് വിദ്യാഭ്യാസ നിലവാരം ഉയർന്നുവെന്നും തൊഴിലവസരങ്ങൾ വർദ്ധിച്ചുവെന്നും മോദി ചൂണ്ടിക്കാട്ടി.