ജപ്പാൻ പ്രധാനമന്ത്രിയാകാൻ സനേ തകൈചി  തലപ്പത്തേക്ക് എത്തുന്ന ആദ്യ വനിത

Sunday 05 October 2025 7:07 AM IST

ടോക്കിയോ: ജപ്പാന്റെ ചരിത്രത്തിൽ ആദ്യമായി പ്രധാനമന്ത്രി കസേരയിലേക്ക് ഒരു വനിത എത്തുന്നു. തീവ്ര-വലതുപക്ഷ നേതാവായ സനേ തകൈചിയാണ് (64) പ്രധാനമന്ത്രി സ്ഥാനത്തിന് തൊട്ടരികിലെത്തിയിരിക്കുന്നത്. 15ന് പാർലമെന്റിൽ നടക്കുന്ന വോട്ടിൽ ജയിച്ചാൽ തകൈചി പ്രധാനമന്ത്രിയായി അധികാരമേൽക്കും. ഭരണകക്ഷിയായ എൽ.ഡി.പിയുടെ (ലിബറൽ ഡെമോക്രാറ്റിക് പാർട്ടി) പുതിയ പ്രസിഡന്റായി തകൈചിയെ ഇന്നലെ തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് സ്ഥാനാർത്ഥികളിൽ ഏക വനിതയായിരുന്ന തകൈചി,അവസാന റൗണ്ടിൽ കൃഷി മന്ത്രി ഷിൻജിറോ കോയ്‌സുമിയെ പരാജയപ്പെടുത്തിയാണ് പാർട്ടിയുടെ പ്രസിഡന്റായത്. എൽ.ഡി.പിയുടെ ആദ്യ വനിതാ പ്രസിഡന്റാണ് തകൈചി.

പാർട്ടിയുടെ മുൻ പ്രസിഡന്റും നിലവിലെ പ്രധാനമന്ത്രിയുമായ ഷിഗേരു ഇഷിബ കഴിഞ്ഞ മാസം രാജി പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് പുതിയ നേതാവിനെ എൽ.ഡി.പി തിരഞ്ഞെടുത്തത്. പാർലമെന്റിൽ എൽ.ഡി.പിയുടെ സഖ്യത്തിന് ഭൂരിപക്ഷം ഇല്ലാത്തത് വെല്ലുവിളിയാണ്. എന്നാൽ,എൽ.ഡി.പി പാർലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനാൽ തകൈചി വോട്ടിനെ അതിജീവിക്കുമെന്നാണ് ആത്മവിശ്വാസം.

ജനരോഷം

തണുപ്പിക്കണം

1. എൽ.ഡി.പി ഏഴ് ദശാബ്ദമായി ജപ്പാൻ ഭരിക്കുന്ന പാർട്ടി. നിലവിൽ അഴിമതി വിവാദം വേട്ടയാടുന്നു. പാർലമെന്റിന്റെ ഇരുസഭകളിലും പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായത് ഷിഗേരു ഇഷിബയുടെ രാജിക്ക് വഴിയൊരുക്കി. ഭരണം നിലനിറുത്തുന്നത് മറ്റു പാർട്ടികളുടെ പിന്തുണയോടെ

2. വിലക്കയറ്റത്തിൽ രോഷാകുലരായ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുക തകൈചിയ്ക്ക് വെല്ലുവിളി. കുടിയേറ്റ നിയന്ത്രണവും പ്രധാന അജണ്ട. തകൈചിയുടെ തായ്‌വാൻ അനുകൂല നിലപാട് ചൈനയെ പ്രകോപിപ്പിച്ചേക്കാം

ആബെയുടെ അനുയായി

 തകൈചി മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ അടുത്ത അനുയായി

 മുൻ ആഭ്യന്തര മന്ത്രി. ഭക്ഷ്യ സുരക്ഷ,ശാസ്ത്രം തുടങ്ങി സഹമന്ത്രി പദങ്ങളും വഹിച്ചു

 നിയമങ്ങൾ ലംഘിക്കുന്ന സന്ദർശകർക്കും കുടിയേറ്റക്കാർക്കും എതിരെ കർശന നടപടി വാഗ്ദ്ധാനം

 എഴുത്തുകാരി. പഠനകാലത്ത് ഹെവി മെറ്റൽ ബാൻഡിൽ ഡ്രമ്മർ. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗ്രറ്റ് താച്ചറുടെ ആരാധിക. സ്വവർഗ്ഗ വിവാഹത്തിന് എതിര്