ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരം കൊൽക്കത്തയെന്ന് റിപ്പോർട്ട്: എതിർത്ത് ആർജി കാർ മെഡിക്കൽ കോളേജ് ഇരയുടെ പിതാവ്

Sunday 05 October 2025 12:59 PM IST

കൊൽക്കത്ത: ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരമാണ് കൊൽക്കത്തയെന്ന റിപ്പോർട്ടിനെ എതിർത്ത് ആർജി കാർ മെഡിക്കൽ കോളേജിൽ ബലാത്സംഗത്തിൽ മരിച്ച പെൺകുട്ടിയുടെ പിതാവ്. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ ( എൻസിആർബി) പുറത്തുവിട്ട റിപ്പോർട്ടിനെയാണ് പെൺകുട്ടിയുടെ പിതാവ് ശക്തമായി എതിർത്തത്. റിപ്പോർട്ട് യാഥാർത്ഥ്യങ്ങൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. യഥാർത്ഥസംഭവങ്ങളെ അടിസ്ഥാനമാക്കിയല്ല, വെറും കടലാസുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും അദ്ദേഹം വിമർശിച്ചു.

കൊൽക്കത്തയിൽ നടക്കുന്ന 90% കേസുകളും എഫ്ഐആർ ആയി രജിസ്റ്റർ ചെയ്യപ്പെടാറില്ലെന്നും അദ്ദേഹം ആരോപിച്ചു. ഗോളയിലെ ലോക്കൽ പൊലീസ് സ്റ്റേഷനിലിട്ട് ഒരു പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചിട്ടും ആരും ഇതുവരെ അതേക്കുറിച്ച് അറിഞ്ഞിട്ടില്ല. മൂന്ന് മാസം മുമ്പാണ് ഈ സംഭവം നടന്നത്. കൊൽക്കത്തയിൽ ഇത്തരം സംഭവങ്ങൾ ഓരോ ദിവസവും നടക്കുന്നുണ്ട്. ഒന്നും വെളിച്ചത്തു വരാറില്ല. ആറ് മാസം പ്രായമുള്ള പെൺകുട്ടി പോലും ഇവിടെ സുരക്ഷിതയല്ല എന്നും അദ്ദേഹം ആരോപിച്ചു.

ബ്യൂറോ അവരുടെ ഓഫീസുകളിൽ ഇരുന്ന് നൽകുന്ന റിപ്പോർട്ടിൽ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഒരു ധാരണയും ഇല്ലെന്നും രാജ്യത്തെ വിദ്യാസമ്പന്നരായ ആളുകൾ എല്ലാവരെയും തെറ്റിധരിപ്പിക്കുന്നതാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. കൊൽക്കത്തയിൽ ആരും സുരക്ഷിതരല്ലെന്നും അതിൽ ആണെന്നും പെണ്ണെന്നും വ്യത്യാസം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കൊൽക്കത്തയിലെ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തിൽ ആർജി കാർ മെഡിക്കൽ കോളജിലെ ഇരയുടെ അമ്മയും നിരാശ പ്രകടിപ്പിച്ചു. ശരിയായ സുരക്ഷ ഉണ്ടായിരുന്നെങ്കിൽ ഡോക്ടറായ തന്റെ മകൾ അവൾ ജോലി ചെയ്ത ആശുപത്രിയിൽ സുരക്ഷിതയാകുമായിരുന്നെന്നും ക്രൂരമായി കൊല്ലപ്പെടില്ലായിരുന്നെന്നും അവർ പറഞ്ഞു. തന്റെ മകളുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് കണ്ടെത്തിയിട്ടും ആർക്കും പൂർണ്ണ സത്യം എന്താണെന്ന് അറിയില്ലെന്നും ഇത്തരത്തിലുള്ള അനീതി പതിവായി സംഭവിക്കുന്നുണ്ടെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

''ഒരു വർഷത്തിനുള്ളിൽ ഏകദേശം 200 സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ലോ കോളേജുകളിലും ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ട്. എല്ലായിടത്തും എല്ലാ ദിവസവും സംഭവിക്കുന്നു. അഴിമതി കാരണം ഒന്നും റിപ്പോർട്ട് ചെയ്യപ്പെടുകയോ പരിഹരിക്കപ്പെടുകയോ ചെയ്യുന്നില്ല'' അവർ പറഞ്ഞു. മകൾ മരിച്ച അന്നുമുതൽ തങ്ങൾ വേദന അനുഭവിക്കുകയാണെന്ന് അവർ പറയുന്നു. അത്തരം സംഭവങ്ങൾ എവിടെ നടന്നാലും അത് തടയാൻ തങ്ങൾ ശ്രമം നടത്തുമെന്നും പക്ഷേ സിസ്റ്റം തങ്ങളെ പരാജയപ്പെടുത്തുകയാണെന്നും ആരോപണമുയർത്തി.

കൊൽക്കത്തെയെ തുടർച്ചയായി നാലാം വർഷവും സുരക്ഷിതമായ നഗരമായി തിരഞ്ഞെടുത്തെന്ന്‌ ശനിയാഴ്ച ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (എഐടിസി) പ്രഖ്യാപിച്ചിരുന്നു. പരിചരണം, അനുകമ്പ, സമൂഹം എന്നിവയോടുള്ള നഗരത്തിന്റെ പ്രതിബദ്ധത എടുത്തുകാണിച്ചാണ് കൊൽക്കത്തയ്ക്ക് ഈ ബഹുമതി ലഭിച്ചതെന്നാണ് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കുന്നത്.