'പ്രമുഖ നടനെ രംഭ കെട്ടിപ്പിടിച്ചു, അതുകണ്ടതോടെ ഒരുമിച്ച് അഭിനയിക്കില്ലെന്ന് രജനികാന്ത് പറഞ്ഞു; ലൊക്കേഷനിൽ സംഭവിച്ചത്'
മലയാളം ഉൾപ്പെടെ ഏട്ടോളം ഭാഷകളിൽ അഭിനയിച്ച നടിയാണ് രംഭ. അഭിനയരംഗത്ത് ഇപ്പോൾ സജീവമല്ലെങ്കിലും രംഭയുടെ സിനിമകൾ ഇപ്പോഴും ശ്രദ്ധേയമാണ്. അടുത്തിടെ താൻ മനസുകൊണ്ടും ശരീരം കൊണ്ടും സിനിമയിലേക്കുളള തിരിച്ചുവരവിന് ഒരുങ്ങി കഴിഞ്ഞെന്ന് താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ രംഭയും നടൻ രജനികാന്തും തമ്മിലുണ്ടായ ഒരു പ്രശ്നത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'90കളിൽ യുവാക്കളുടെ ഹരമായി മാറിയ നടയാണ് രംഭ. മലയാളത്തിൽ നാടൻ വേഷത്തിലെത്തിയ രംഭ പിന്നീട് ഗ്ലാമർ വേഷങ്ങളാണ് കൂടുതലും കൈകാര്യം ചെയ്തത്. അതോടെ രംഭയെ തേടി പണവും പ്രശസ്തിയും എത്തി. തമിഴിലെ ഉളളത്തെ അള്ളിത്തായെന്ന ചിത്രത്തിന്റെ വിജയത്തിന് കാരണവും രംഭ തന്നെയാണ്. ആ ചിത്രം കണ്ട് രജനികാന്ത് നടിയെ ഫോണിൽ വിളിച്ചു. രജനികാന്തിനോടൊപ്പം അഭിനയിക്കണമെന്ന് രംഭ പറഞ്ഞിരുന്നു. രജനികാന്ത് നായകനായ അരുണാചലം എന്ന സിനിമയിൽ സുസ്മിത സെനിനായി മാറ്റിവച്ച കഥാപാത്രം രംഭയ്ക്ക് നൽകുകയായിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ നടക്കുമ്പോൾ സൽമാൻ ഖാൻ ചിത്രമായ ബന്ധനിലും രംഭ അഭിനയിക്കുന്നുണ്ടായിരുന്നു. ഒരിക്കൽ അരുണാചലത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് സൽമാൻ ഖാനും ജാക്കി ഷ്രോഫും വന്നു. രംഭയാണ് അവരെ ആലിംഗനം ചെയ്ത് സ്വീകരിച്ചത്. ഇതൊക്കെ രജനികാന്ത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവർ പോയതോടെ രജനികാന്ത് തന്റെ തലയിൽ കെട്ടിയിരുന്നു തുണി ദേഷ്യത്തോടെ വലിച്ചെടുത്തെറിഞ്ഞു. താൻ ഇനി രംഭയോടൊപ്പം അഭിനയിക്കില്ലെന്നും രജനികാന്ത് പറഞ്ഞു. ഇതറിഞ്ഞ രംഭയ്ക്ക് വലിയ വിഷമമായി.
തുടർന്ന് രജനികാന്തെത്തി രംഭയോട് ചില കാര്യങ്ങൾ പറഞ്ഞു. നോർത്ത് ഇന്ത്യൻ നടൻമാരെ ആലിംഗനം ചെയ്ത് സ്വീകരിക്കുന്നു, സൗത്ത് ഇന്ത്യയിലെ അഭിനേതാക്കളോടുളള പെരുമാറ്റം അങ്ങനെയല്ലല്ലോയെന്നായിരുന്നു രജനികാന്ത് ചോദിച്ചു. ഇതുകേട്ടതോടെ രംഭ കരയാൻ തുടങ്ങി. എന്നാൽ രജനിയുടെ പ്രാങ്കായിരുന്നുവെന്ന് രംഭ പിന്നീടാണ് മനസിലാക്കിയത്. ഈ കഥ രംഭ തന്നെയാണ് വെളിപ്പെടുത്തിയത്'- ആലപ്പി അഷ്‌റഫ് പറഞ്ഞു.