സംസാരത്തിൽ വ്യക്തതയില്ല, നടക്കുന്നത് പരസഹായത്തോടെ; ഉല്ലാസ് പന്തളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇത്, വീഡിയോ
മിമിക്രിയിലൂടെയും കോമഡി വേദികളിലൂടെയും മലയാളികളുടെ മനസിൽ ഇടംപിടിച്ച് കലാകാരനാണ് ഉല്ലാസ് പന്തളം. ടെലിവിഷൻ കോമഡി പരിപാടികളിലും സിനിമയിലും ഉല്ലാസ് തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. വിശുദ്ധ പുസ്തകം, കുട്ടനാടൻ മാർപ്പാപ്പ, നാം, ചിന്ന ദാദ തുടങ്ങിയ സിനിമകളിൽ ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടന്റെ പുതിയ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ തിരുവല്ലയിൽ എത്തിയപ്പോഴുള്ള വീഡിയോയാണ് ഇത്.
ഊന്നുവടിയുടെ സഹായത്തോടെയാണ് താരം വേദിയിലെത്തിയത്. മുഖത്തെ ഒരുഭാഗം കോടിയത് പോലെയും കാണാം. സ്‌ട്രോക്ക് വന്നതിൽ പിന്നെയാണ് അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായത്. ബലക്ഷയമുണ്ടായതിനാൽ നടക്കാൻ സഹായം വേണം. ശബ്ദമുയർത്തി വ്യക്തതയോടെ സംസാരിക്കാനും ബുദ്ധിമുട്ടാണ്. വേദിയിൽ വച്ച് തനിക്ക് സ്ട്രോക്ക് വന്നതിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. 'എനിക്ക് സ്‌ട്രോക്ക് വന്ന കാര്യം ആർക്കും അറിയില്ല. ചില ആർട്ടിസ്റ്റുകൾക്ക് മാത്രമെ അറിയുള്ളൂ. ഇതിന്റെ വീഡിയോ പുറത്തുപോകുമ്പോഴെ എല്ലാവരും അറിയൂ' - എന്നാണ് ഉല്ലാസ് പറഞ്ഞത്.
വീഡിയോയിൽ ടെലിവിഷൻ അവതാരക ലക്ഷ്മി നക്ഷത്രയെയും കാണാം. ലക്ഷ്മി നക്ഷത്രയാണ് ഉല്ലാസിനെ വേദിയിലെത്തിച്ചത്. പരിപാടി കഴിഞ്ഞ് പോകാനിറങ്ങിയതും ഉല്ലാസിന്റെ കണ്ണുകൾ നിറയുന്നു. ഈ സമയം 'ചിരിച്ചുകൊണ്ട് പോകൂ, എല്ലാ ശരിയാകും' എന്ന് ലക്ഷ്മി പറയുന്നതും വീഡിയോയിൽ ഉണ്ട്.