അസൗകര്യങ്ങളുടെ നടുവിൽ കോടിമത മാർക്കറ്റ്...., 'ശങ്ക' തോന്നിയാൽ പിന്നെ ആശങ്കയായി

Monday 06 October 2025 1:26 AM IST

കോട്ടയം : പ്രവർത്തിക്കുന്നത് നൂറിലേറെ സ്ഥാപനങ്ങൾ. ദിവസേന വന്നുപോകുന്നത് ആയിരത്തിലേറെ ആളുകൾ. ഇത്തരമൊരു സ്ഥലത്ത് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ വെള്ളമില്ലെന്ന് പറഞ്ഞാൽ. കോടിമത പച്ചക്കറി മാർക്കറ്റിലെ ജീവനക്കാരും വ്യാപാരികളും പെട്ടുപോയ അവസ്ഥയിലാണ്. ദിവസേന അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ലോഡുമായി 50 ഓളം ലോറികൾ മാർക്കറ്റിൽ എത്തുന്നുണ്ട്. പതിനെട്ടോളം സത്രീ ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. വിഷയം നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമാണ് ഇവിടം. ഭീതിയോടെയാണ് ആളുകൾ സാധനങ്ങൾ വാങ്ങാനെത്തുന്നത്. ഒപ്പം മാലിന്യവും കുന്നുകൂടി കിടക്കുന്നു. മൂക്കുപൊത്താതെ നിർവാഹമില്ലാത്ത സ്ഥിതി.

മാർക്കറ്റിലെ മലിനവെള്ളം പോലും തുറന്ന ഓടവഴി കൊടൂരാറ്റിലേക്കാണ് തള്ളുന്നത്.

ടോയ്‌ലെറ്റ് വൃത്തിഹീനം, വെള്ളമില്ല

വാതിലുകൾ പൊട്ടിപ്പൊളിഞ്ഞും വൃത്തിഹീനവുമായാണ് ടോയ്‌ലെറ്റുകൾ സ്ഥിതി ചെയ്യുന്നത്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാത്തതിനാൽ സ്ത്രീ ജീവനക്കാരിൽ പലരും ജോലി നിറുത്തേണ്ട സ്ഥിതിയാണ്. വാഷ് ബേസിൻ ഉൾപ്പെടെ വൃത്തിഹീനമാണ്. തൊഴിലാളികൾ ഭക്ഷണംകഴിച്ചതിന് ശേഷം പണം മുടക്കി കുടിവെള്ളം വാങ്ങുകയാണ്. കഴിവതും ടോയ്‌ലെറ്റ് ഉപയോഗിക്കാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നു. ടോയ്‌ലെറ്റിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത് പൂട്ടിയിട്ട ജൈവവാതക പ്ലാന്റിനടുത്ത് കൊടൂരാറ്റിലേക്ക് മാലിന്യം തള്ളുന്ന പ്രദേശത്തുനിന്നാണ്.

നഗരസഭയുടെ അനാസ്ഥ ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് വാട്ടർ അതോറിട്ടി ജലവിതരണം നിറുത്തി സമീപത്തെ ആറ്റിൽ നിന്ന് ബക്കറ്റിൽ വെള്ളം ശേഖരിക്കേണ്ട സ്ഥിതിയാണ് ആറിന് സമീപം കൽപ്പടവുകൾ ഇല്ലാത്തത് അപകടത്തിനും ഇടയാക്കുന്നു

130 വലിയ കടകൾ

 30 വെണ്ടർ സ്റ്റാൾ

''ടോയ്‌ലെറ്റ് ഉപയോഗിക്കാൻ സാധിക്കാതെ വ്യാപാരികളും ജീവനക്കാരും അനുഭവിക്കുന്ന ദുരിതം നഗരസഭ കണ്ടില്ലെന്ന് നടിക്കുകയാണ്. ഏറെനാളായി ഇതാണ് അവസ്ഥ. അടിയന്തരപരിഹാരം കാണണം.

വ്യപാരികൾ