ലോക 300 കോടി, മലയാള സിനിമയിലെ ആദ്യ 300 കോടി ചിത്രം

Monday 06 October 2025 6:08 AM IST

ലോക: ചാപ്ടർ വൺ: ചന്ദ്ര 300 കോടി ക്ളബിൽ. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ 300 കോടി ക്ളബ് ചിത്രം ആവുകയാണ് ലോക.ശനിയാഴ്ച ലോക യുടെ ആഗോള കളക്ഷൻ 298 കോടി ആയിരുന്നു. ഇന്ന് ഉച്ചയോടെ 300 കോടിയിൽ എത്തും.അതേസമയം റെക്കോഡുകളുടെ പെരുമഴയാണ് ലോക തീർക്കുന്നത്. കേരളത്തിൽനിന്ന് ഏറ്റവുമധികം കളക്ഷൻ നേടുന്ന സിനിമ എന്ന റെക്കോഡും സ്വന്തമാക്കി. മോഹൻലാൽ ചിത്രം തുടരും കേരളത്തിൽനിന്നു മാത്രം നേടിയ 118 കോടിയുടെ റെക്കോഡ് കളക്ഷൻ 38 ദിവസംകൊണ്ട് മറികടന്ന് പുതിയ ഇൻഡസ്ട്രി ഹിറ്റായി ലോക ചരിത്രം തിരുത്തിക്കുറിച്ചിരുന്നു.

അഞ്ചാംവാരം 7 കോടി നേടിയ പ്രേമലുവിന്റെ റെക്കോഡ് അഞ്ചാം വാരം

10.06 കോടി നേടി ലോക മറികടന്നു. നാല്പതാം ദിവസത്തിലേക്ക് കടക്കുന്ന ലോക ഇപ്പോഴും കേരളത്തിൽ മാത്രം 225 തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവഹിച്ച ലോക: ചാപ്ടർ വൺ: ചന്ദ്രയിൽ കല്യാണി പ്രിയദർശൻ സൂപ്പർ ഹീറോയായി എത്തുന്നു. കല്യാണിയുടെ കരിയറിൽ ഏറെ നേട്ടങ്ങൾ സമ്മാനിക്കുകയാണ് ലോക. നസ്ളിൻ, ചന്ദു സലിംകുമാർ, അരുൺ കുര്യൻ, വിജയരാഘവൻ, നിഷാന്ത് സാഗർ, രഘുനാഥ് പലേരി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് നിർമ്മാണം.

കാന്താര 210 കോടി

ഋഷഭ് ഷെട്ടി സംവിധായകനും നായകനുമായി എത്തിയ കാന്താര : എ ലെജൻഡ് ചാപ്ടർ വൺ ആഗോള ബോക്സ് ഓഫീസിൽ 210 കോടിക്ക് അരികിൽ എത്തി. ആദ്യ മൂന്നുദിവസം കൊണ്ട് കേരളത്തിൽ നിന്ന് നേടിയത് 16.2 കോടി. ആദ്യദിവസം തന്നെ ആഗോളതലത്തിൽ ഏകദേശം 89 കോടിരൂപ നേടി എന്നാണ് വി​വരം. രണ്ടുദി​വസം കൊണ്ട് ചിത്രത്തിന്റെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 105.5 കോടി കവിഞ്ഞിരുന്നു. കന്നടയിൽനിന്ന് ആദ്യദിവസം 19.6 കോടിയും തെലുങ്കിൽനിന്ന് 13 കോടിയും ഹിന്ദിയിൽ നിന്ന് 18.5 കോടിയും തമിഴിൽനിന്ന് 5.5 കോടിയും മലയാളത്തിൽ നിന്ന് 5.25 കോടിയും നേടി. സമീപകാലത്ത് ഒരു അന്യഭാഷാചിത്രം കേരളത്തിൽ നിന്ന് നേടുന്ന ഏറ്റവും വലിയ വിജയക്കുതിപ്പാണ് കാന്താര നടത്തുന്നത്. കന്നട സിനിമ ചരിത്രത്തിന്റെ ഗതിമാറ്റിയ കാന്താര ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ 2022 ൽ ആണ് റിലീസ് ചെയ്തത്. ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കാഡുകൾ ഭേദിച്ച ചിത്രം മികച്ച നടൻ എന്ന ദേശീയ അംഗീകാരവും ഋഷഭ് ഷെട്ടിക്ക് നേടികൊടുത്തു. ഋഷഭ് ഷെട്ടി രചനയും നിർവഹിച്ച കാന്താര: എ ലെജൻഡ് ചാപ്ടർ 1 കേരളത്തിൽ 250 സ്ക്രീനിൽ ആണ് പ്രദർശിപ്പിക്കുന്നത്. ചിത്രത്തിൽ ജയറാമിന്റെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. രുഗ്മിണി വസന്ത് ആണ് നായിക.

വിജയം നേടുന്നത് ഭ്രമാത്മകമായ ലോകത്തിന്റെ സിനിമകൾ

ഇനി പ്രണവ് മോഹൻലാലിന്റെ ഡീയസ് ഈറേ പ്രേക്ഷകരെ ഭ്രമാത്മകമായ ലോകത്തേക്ക് കൊണ്ടുപോകുന്ന ചിത്രങ്ങളാണ് ഇപ്പോൾ മലയാളത്തിൽ വിജയം നേടുന്നത്. ഇതിന്റെ തെളിവാണ് ലോക: ചാപ്ടർ വൺ: ചന്ദ്രയും കാന്തര: ദ ലെജൻഡ് : ചാപ്ടർ വണ്ണും നേടുന്ന വമ്പൻ വിജയം. മിത്തും ഐതീഹ്യവും ആത്മീയതയും ഡാർക്ക് ഹ്യൂമറും ചേരുന്ന സിനിമകൾക്കാണ് ഇപ്പോൾ മലയാളം മാർക്കറ്റ്. അതിമാനുഷിക കഥകളെ ആവേശത്തോടെ സ്വീകരിക്കുന്ന ഒരു വലിയൊരുവിഭാഗം പ്രേക്ഷകർ മലയാളത്തിലുണ്ട്. പേടിപ്പിച്ചും ചിരിപ്പിച്ചും എത്തുന്ന അതിമാനുഷികരായ കഥാപാത്രങ്ങളു ണ്ട്.ഇൗ നിരയിൽ മുൻപും ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. ഭാർഗവിനിലയം, മൈ ഡിയർ കുട്ടിച്ചാത്തൻ, മണിചിത്രത്താഴ്, ഭ്രമയുഗം, ഭൂതകാലം തുടങ്ങിയ സിനിമകൾ ഭ്രമാത്മകമായ ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയി. ഹൊറർ സൂപ്പർ ഹീറോ ചിത്രങ്ങളുടെ നീണ്ടനിര അണിയറയിൽ ഒരുങ്ങുന്നുണ്ട് പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഡീയസ് ഇൗറേ പൂർണമായും ഹൊറർ ത്രില്ലർ ആണ്. മരിച്ചവർക്കുവേണ്ടി പാടുന്ന ഒരു ലാറ്റിൻഗീതം ആണ് ഡീയസ് ഇൗറേ. ഭൂതകാലം, ഭ്രമയുഗം എന്നീ ചിത്രങ്ങളുടെ സംവിധായകൻ രാഹുൽ സദാശിവൻ ആണ് ഡീയസ് ഇൗറേ ഒരുക്കുന്നത്. ലോക സിനിമാറ്റിക് യൂണിവേഴ്സിന്റെ ചാപ്ടർ2 പ്രഖ്യാപനം നടന്നുകഴിഞ്ഞു. ചാത്തനും ചാത്തന്റെ ചേട്ടനും ഒടിയനും എല്ലാം നിറയുന്നതാണ് ചാപ്ടർ 2.