അയൽവാസിയെ പൊലീസുകാരൻ വെട്ടിയ കേസ് കോടതി ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റില്ല, കുടുംബം ഡി.ജി.പിക്ക് പരാതി നൽകി

Monday 06 October 2025 4:27 AM IST

നേമം: പെരിങ്ങമ്മല എസ്‌.എൻ ജംഗ്ഷനിൽ അയൽവാസിയെ വെട്ടിപ്പരിക്കേല്പിച്ച കരമന പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സുമേഷിന്റെ ജാമ്യഹർജി കോടതി തള്ളിയിട്ടും പ്രതിയെ സംരക്ഷിക്കുന്ന നേമം പൊലീസിന്റെ നടപടിക്കെതിരെ വെട്ടേറ്റ ബിനോഷിന്റെ കുടുംബം ഡി.ജി.പിക്ക് പരാതി നൽകി. സെപ്തംബർ 18ന് വൈകിട്ടായിരുന്നു സംഭവം. കുടപ്പനക്കുന്ന് വില്ലേജ് ഓഫീസർ ബിനോഷിനെ അയൽവാസിയായ പൊലീസുകാരൻ സുമേഷ് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.പ്രതിക്കെതിരേ വധശ്രമത്തിന് കേസെടുത്തിട്ടും അറസ്റ്റ് ചെയ്യാനോ, വകുപ്പുതല നടപടിയെടുക്കാനോ ഇതുവരെ ആഭ്യന്തര വകുപ്പ് തയ്യാറായിട്ടില്ല. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെയെങ്കിൽ എന്തുകൊണ്ട് പ്രതിക്കെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പ്രസിദ്ധീകരിക്കുന്നില്ലെന്നും കുടുംബം ചോദിക്കുന്നു.കൂട്ടുകാരുമൊത്ത്‌ മദ്യപിക്കാൻ വസ്തുവിൽ അനുവാദം നല്കാത്തതിന്റെ വൈരാഗ്യത്തിലാണ് പൊലീസുകാരൻ വെട്ടിയതെന്നാണ് ബിനോഷ് പറയുന്നത്. വെട്ടേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിനോഷ്, കഴിഞ്ഞ ദിവസമാണ് ജോലിക്ക് വീണ്ടും പോയി തുടങ്ങിയത്.