രാഷ്ട്രപതി ദ്രൗപദി മുർമു ഈ മാസം 22ന് ശബരിമല ദർശനത്തിനെത്തും ,​ 24 വരെ കേരളത്തിൽ

Sunday 05 October 2025 9:05 PM IST

ന്യൂഡൽഹി: ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഒക്ടോബർ 22ന് കേരളത്തിലെത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. ഒക്ടോബർ 22 ന് ഉച്ചയ്ക്ക് ശേഷം നെടുമ്പാശ്ശേരിയിൽ എത്തുന്ന രാഷ്ട്രപതി തുടർന്ന് നിലയ്ക്കലിൽ എത്തി അവിടെ തങ്ങുകയും വൈകുന്നേരം ശബരിമലയിൽ എത്തുകയും ചെയ്യും. ദർശനത്തിന് ശേഷം അന്ന് രാത്രി മലയിറങ്ങി തിരുവനന്തപുരത്തെത്തും. ഒക്ടോബർ 22 മുതൽ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും.

ഒക്ടോബർ 16 നാണ് തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്. രാഷ്ട്രപതി ശബരിമല സന്ദർശിക്കുമെന്ന് ആഗോള അയ്യപ്പ സംഗമത്തിൽ മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രപതിയുടെ സന്ദർശനത്തിനായി സുരക്ഷാ മുന്നൊരുക്കങ്ങൾ ഇതിനകം തുടങ്ങിയിട്ടുണ്ട്. മേയ് മാസത്തിൽ രാഷ്ട്രപതി ശബരിമല സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് സന്ദർശനം മാറ്റിവയ്ക്കുകയായിരുന്നു.