തീരദേശ മേഖലയിൽ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്ല

Monday 06 October 2025 1:03 AM IST

വക്കം: തീരദേശ മേഖലയിലുൾപ്പെട്ട പ്രധാന ജംഗ്ഷനുകളിലും മറ്റ് ബസ് സ്റ്റോപ്പുകളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്ലാതെ യാത്രക്കാർ ബുദ്ധിമുട്ടുന്നു. വിരലിലെണ്ണാവുന്ന ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ മാത്രമാണിവിടെയുള്ളത്. അതാകട്ടെ കാടുപിടിച്ച് തെരുവുനായ്ക്കളുടെ താവളമായി കിടക്കുകയാണ്.

വക്കം, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളിലാണ് യാത്രക്കാർ ദുരിതമനുഭവിക്കുന്നത്. പ്രധാന ജംഗ്ഷനുകളിൽ വിദ്യാർത്ഥികൾ, പ്രായമായവർ, ഉദ്യോഗസ്ഥർ, ആശുപത്രിയിലേയ്ക്ക് പോകേണ്ടവർ കൈക്കുഞ്ഞുങ്ങളുമായി വെയിലത്തും മഴയത്തും നിൽക്കേണ്ട അവസ്ഥയിലാണ്. ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ യാത്രക്കാർ കൂട്ടം കൂടി നിൽക്കുന്നത് കച്ചവടത്തെ ബാധിക്കുന്നതായും വ്യാപാരികൾ പറയുന്നു.

മിക്കയിടങ്ങളിലും ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചോ, സന്നദ്ധ സംഘടനകൾ മുന്നോട്ടു വന്നോ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുമ്പോർ ഇവിടെ ഒന്നുംതന്നെ നടപ്പാക്കുന്നില്ല. ഇതു സംബന്ധിച്ച് നിരവധി തവണ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടാകുന്നില്ല. തീരദേശ മേഖലയായതിനാൽ പതിനഞ്ചു വർഷക്കാലമായി യാതൊരു നടപടിയും മേഖലയിൽ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.

കയറിനിൽക്കാൻ ഇടമില്ല

വക്കത്തെ പ്രധാന ജംഗ്ഷനായ പണയിൽക്കടവിൽ ദന്തൽ, സ്വകാര്യമെഡിക്കൽ കോളേജ്, അകത്തുമുറി റെയിൽവേ സ്റ്റേഷൻ, എന്നിവിടങ്ങളിൽ നിന്നും വർക്കലയിലേയ്ക്കും തിരിച്ച് മറ്റു സ്ഥലങ്ങളിലേയ്ക്ക് പോകേണ്ടവർക്കും കയറി നിൽക്കുവാൻ ഒരിടമല്ലാത്ത മരത്തിന്റെ ചുവട്ടിൽ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.

അഞ്ചുതെങ്ങിൽ തീരദേശ ഹൈവേ തുടങ്ങുന്ന ഒന്നാം പാലം മുതൽ മുതലപ്പൊഴി വരെയുള്ള ഭാഗങ്ങളിൽ മഴ പെയ്താൽ സമീപത്തെ വീടുകളിൽ അഭയം പ്രാപിക്കേണ്ട അവസ്ഥയാണ്.

യാത്രാദുരിതമേറുന്നു

നൂറുകണക്കിന് യാത്രക്കാരെത്തുന്ന കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനടുത്ത് ബസ് കാത്തിരിപ്പു കേന്ദ്രമില്ലാത്തതിനാൽ ചില സ്വകാര്യ ബസ്സുകൾ ഇവിടേയ്ക്ക് കയറാതെ മെയിൻ റോഡിൽ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നുവെന്നും യാത്രക്കാർ പറയുന്നു. മൂന്ന് റോഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന ജംഗ്ഷനായ ചെക്കാലവിളാകത്ത് നിന്ന് വർക്കലയിലേയ്ക്ക് പോകേണ്ടവരും, ആറ്റിങ്ങലിലേയ്ക്ക് പോകേണ്ടവരും, ചിറയിൻകീഴേയ്ക്ക് പോകേണ്ടവരും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്ലാതെ കടകൾക്ക് മുമ്പിൽ കാത്തിരുന്ന് ബുദ്ധിമുട്ടുകയാണ്. നിവേദനങ്ങളും, പരാതിയും നൽകിയിട്ടും നടപടിയെടുക്കാത്തതിനെതിരെ മേഖലയിൽ ശക്തമായ പ്രതിഷേധമാണുള്ളത്.