ചിന്ത്രനെല്ലൂർ പാടശേഖരത്തിൽ നെൽകൃഷി അന്യമായി
കല്ലമ്പലം: ചിന്ത്രനെല്ലൂർ പാടശേഖരത്തിൽ നെൽകൃഷി അന്യമാകുന്നു. അനാഥമായ പാടശേഖരത്തിൽ പുല്ലുകളും തഴച്ചുവളർന്നു. നഗരൂർ പഞ്ചായത്തിലെ വെള്ളല്ലൂർ വില്ലേജിൽ ഉൾപ്പെട്ടതാണ് ചിന്ത്രനെല്ലൂർ, കാരോട് പാടശേഖരങ്ങൾ. ഇതിൽ കീഴ്പേരൂർ പാലം ജംഗ്ഷൻ മുതൽ പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ മുട്ടയംവരെ വിശാലമായ പാടശേഖരമാണ് ചിന്ത്രനെല്ലൂർ ഏലാ. 25ഏക്കറിലധികം നിലമാണ് നേരത്തെ നെൽകൃഷിക്ക് യോഗ്യമായി ഇവിടെയുണ്ടായിരുന്നത്. കർഷകർക്ക് കൈത്താങ്ങാകാൻ കൃഷിഭവൻ ഉദ്യോഗസ്ഥർക്ക് കഴിയാതായതോടെ പലരും നെൽകൃഷിയിൽ നിന്നും പിൻവാങ്ങി.
കൃഷി നഷ്ടമായതോടെ പലരും പാടങ്ങൾ തരിശിട്ടു. ഒരുവർഷം മുമ്പുവരെ 18 ഏക്കറോളം നിലങ്ങളിൽ നെൽകൃഷിയുണ്ടായിരുന്നു. ഇക്കുറി ചിലർ മാത്രമാണ് കൃഷിയിറക്കിയത്. എന്നാൽ ഇവയിലും കഴിഞ്ഞ വർഷത്തെ വളർന്നുവന്ന പാഴ് നെൽച്ചെടികളിലും ഊര പിടിച്ചതോടെ കീടങ്ങൾ വെള്ളത്തിലൂടെ താഴ് ഭാഗത്തുള്ള കീഴ്പേരൂർ തെക്ക്, കിഴക്ക് ഭാഗത്തുള്ള പാടശേഖരങ്ങളിലും വെള്ളല്ലൂർ പാടശേഖരത്തും പടരുമോയെന്ന ആശങ്കയിലാണ് കർഷകർ. മേൽപേരൂർ മുതൽ പടിഞ്ഞാറ് ഭാഗത്തേക്കുള്ള കാരോട് ഏല പൂർണമായും തരിശായി.
സബ്സിഡി കുറഞ്ഞു
നെൽകൃഷി ഒരു സെന്റിന് 100 രൂപ നിരക്കിൽ സബ്സിഡി ലഭിച്ചിരുന്നത് 70രൂപയിൽ താഴെയായി. ബ്ലോക്ക് പഞ്ചായത്ത് 200കോടി ചെലവഴിച്ച് വർഷങ്ങൾക്കു മുമ്പ് തുടങ്ങിയ 'പുഴനടത്തം' പദ്ധതി ഉദ്ഘാടനത്തിലൊതുങ്ങിയെന്ന ആക്ഷേപവും ശക്തമാണ്. കിളിമാനൂർ,മടവൂർ,നഗരൂർ പഞ്ചായത്തിലൂടെ പോകുന്ന കീഴ്പേരൂർ തോട് സംരക്ഷണം, തോട്ടുവരമ്പ് സൈഡ് വാൾ നിർമാണം അടക്കമുള്ള പദ്ധതികളാണ് അട്ടിമറിക്കപ്പെട്ടത്.