യുവാവിനെ തട്ടിക്കൊണ്ട് പോയ നിരവധി കേസുകളിലെ പ്രതികൾ പിടിയിൽ

Monday 06 October 2025 2:01 AM IST

ഹരിപ്പാട്: യുവാവിനെ തട്ടിക്കൊണ്ട് പോയി മുറിയിൽ മണിക്കൂറുകളോളം പൂട്ടിയിടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത കേസിലെ പ്രതികൾ പിടിയിലായി. വിഷ്ണുവിനെ ഉപദ്രവിച്ച കേസിലാണ് നിരവധി കൊലപാതക ശ്രമ കേസിലെ പ്രതിയായ വീയപുരം പായിപ്പാട് മുറിയിൽ കടവിൽ മുഹമ്മദ്‌ ഫാറൂഖ് (27), ചെറുതന തെക്ക് മുറിയിൽ വല്ല്യത്ത് പുത്തൻ പുരയിൽ അശ്വിൻ വർഗീസ് (38), ചെറുതന ഇലഞ്ഞിക്കൽ വീട്ടിൽ യദു കൃഷ്ണൻ (27) എന്നിവരെ ഹരിപ്പാട് സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്തിലുള്ള സംഘം പിടികൂടിയത്. ജോലി കഴിഞ്ഞ് മടങ്ങുകായിരുന്ന വിഷ്ണുവിനെ സംഘം മുറിയിൽ കൊണ്ടുപോയി പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. തുടർന്ന് ഫോണും ബൈക്കിന്റെ താക്കോലും കൈക്കലാക്കിയ പ്രതികൾ രണ്ട് പവന്റെ മാലയും അര പവന്റെ കൈചെയിനും കാതിലെ റിങ്ങും സ്മാർട്ട്‌ വച്ചും ഊരിയെടുത്തു. 15,000 രൂപ തന്നാൽ മോചിപ്പിക്കാമെന്ന് പ്രതികൾ പറഞ്ഞു. പലരിൽ നിന്ന് ഗൂഗിൾ പേ വഴി പണം വാങ്ങി പ്രതികൾ പറഞ്ഞ നമ്പരിലേക്ക് വിഷ്ണു കൈമാറി. ഇതിനിടെ പ്രതികൾ തമ്മിലുണ്ടായ തർക്കം കൈയ്യാം കളിയിലെത്തിയതോടെ വിഷ്ണുവും മുറിയിലുണ്ടായിരുന്ന കുട്ടികളും ഓടി രക്ഷപെട്ടു.പിന്നീട് കൂട്ടുകാരനെ വിളിച്ചു വരുത്തിയാണ് വിഷ്ണു ഹോസ്പിറ്റലിൽ പോയത്. തലയ്ക്ക് പരിക്കുണ്ടായിരുന്നതിനാൽ വിഷ്ണുവിനെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്കു മാറ്റി. പണം നല്‍കാത്തതിന്റെ പേരിൽ ഒരു ബംഗ്ലാദേശ് യുവാവിനെ കുത്തികൊന്ന കേസിലെ പ്രതിയാണ് യദുകൃഷ്ണൻ. ഇയാൾക്ക് സമാന രീതിയിലുള്ള മൂന്ന്കേസ് ഉണ്ട്. കൂടാതെ കൊലപാതക കേസ് ഉൾപ്പടെ 11 കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്.ഫാറൂക്കും പിടിച്ചു പറി, തട്ടിക്കൊണ്ടു പോകൽ ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണ്.