ഹൗസ്ബോട്ടുകളിലെ 'ക്ലബിംഗ് ' ചെറുകിടക്കാർക്ക് തിരിച്ചടി
ആലപ്പുഴ: ഹൗസ് ബോട്ടുകളിൽ വൻകിട സംരംഭകർ ആവിഷ്ക്കരിച്ച 'ക്ലബിംഗ് ' സംവിധാനം ചെറുകിടക്കാർക്ക് ഭീഷണിയാകുന്നു. യാത്രയ്ക്കെത്തുന്ന വ്യത്യസ്ത സംഘങ്ങളെ ഒറ്റ ഹൗസ് ബോട്ടിൽ കയറ്റുന്ന സംവിധാനമാണ് ക്ലബിംഗ്.സാധാരണ ഒരു ഹൗസ് ബോട്ട് ബുക്ക് ചെയ്യുന്നതിലും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകുമെന്നതിനാൽ സഞ്ചാരികൾക്ക് ക്ലബിംഗ് ലാഭകരമാണ്. പത്ത് മുറികളുള്ള വലിയ ഹൗസ് ബോട്ടിൽ പത്ത് കുടുംബങ്ങളെ ഉൾക്കൊള്ളിക്കാനാകുമെന്നതും വിവിധ ടീമുകളിൽ നിന്നായി ഒറ്റ ട്രിപ്പിൽ തന്നെ വലിയ തുക ഈടാക്കാൻ കഴിയുമെന്നതും വൻകിടക്കാർക്ക് ഗുണം ചെയ്യും. എന്നാൽ, ക്ലബിംഗ് കാരണം ബുക്കിംഗ് ഗണ്യമായി കുറഞ്ഞതാണ് ചെറിയ ബോട്ടുകൾക്ക് തിരിച്ചടിയായത്. പത്ത് സംഘങ്ങളെ ഒറ്റ ബോട്ടിൽ ഉൾക്കൊള്ളിക്കുമ്പോൾ, പത്ത് സംരംഭകർക്കും, അവരുടെ തൊഴിലാളികൾക്കും ലഭിക്കേണ്ട വരുമാനമാണ് ഒറ്റയടിക്ക് ഇല്ലാതാകുന്നത്.
കൊടുങ്ങല്ലൂർ രജിസ്ട്രേഷനിലുള്ള ബോട്ടുകളാണ് ക്ലബിംഗ് സംവിധാനം കൊണ്ടുവന്നതെന്ന് ആലപ്പുഴയിലെ ചെറുകിട ഹൗസ്ബോട്ട് സംരംഭകർ പറഞ്ഞു. പുന്നമട, പള്ളാത്തുരുത്തി മേഖലകൾ കേന്ദ്രീകരിച്ച് ഇത്തരത്തിൽ മുപ്പതിലധികം ബോട്ടുകൾ ഓടുന്നുണ്ടെന്നും ഇവർക്ക് രജിസ്ട്രേഷൻ പരിധിയിൽ തന്നെ ഓടാനുള്ള താക്കീത് ജില്ലാ ഭരണകൂടം നൽകണമെന്നുമാണ് ആലപ്പുഴയിലെ ഹൗസ് ബോട്ട് ഉടമകളുടെ ആവശ്യം.
വൻകിടക്കാർ ആവിഷ്ക്കരിച്ച ക്ലബിംഗ് സംവിധാനം കാരണം ആലപ്പുഴയിലെ ഹൗസ് ബോട്ട് മേഖല പ്രതിസന്ധിയിലാണ്. സർക്കാർ നിയമിച്ച കമ്മിഷന് മുന്നിലടക്കം വിഷയം ഉന്നയിച്ചിരുന്നു
-ജോസ് കുട്ടി ജോസഫ്, കേരള ഹൗസ്ബോട്ട്
ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ