നെല്ല് സംഭരണം, കേന്ദ്രവും കുട്ടനാടിനെ കൈവിട്ടു
ആലപ്പുഴ: രണ്ടാം വിളയുടെ നെല്ല് സംഭരണ നടപടികൾ പുരോഗമിക്കവേ, കേന്ദ്രസർക്കാരിന്റെ സംഭരണ പദ്ധതിയായ ധൻ ധാന്യ കൃഷി യോജനയിലും ജില്ലയ്ക്ക് അവഗണന. ഏറ്റവുമധികം കൃഷി നടക്കുന്ന പാലക്കാടും തൃശൂരും ഉൾപ്പെടെ രണ്ടാംകൃഷിയുടെ നെല്ല് സംഭരണത്തിന് കേന്ദ്ര ഏജൻസിയായ നാഷണൽ കോപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ (എൻ.സി.സി.എഫ്) നടപടികൾ ആരംഭിച്ചിരിക്കെയാണ് സമുദ്രനനിരപ്പിലും താഴെ കൃഷിയിറക്കി ഭൗമ സൂചികാപദവിയിൽ ഇടം പിടിച്ച കുട്ടനാടിനെ അവഗണിച്ചത്.
നെല്ല് സംഭരണത്തിന് സപ്ളൈകോ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചശേഷമാണ് എൻ.സി.സി.എഫ് പാലക്കാടും തൃശൂരും നെല്ല് സംഭരിക്കാൻ രംഗത്തിറങ്ങിയത്. കുട്ടനാട്ടിലുണ്ടാകാനിടയുള്ള വൃശ്ചിക വേലിയേറ്റമുൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ പതിരിന്റെ അളവും ഈർപ്പത്തോതും കൂട്ടുമെന്ന മില്ലുകാരുടെ പ്രചരണമാകാം നെല്ല് സംഭരണത്തിൽ നിന്ന് കുട്ടനാടിനെ മാറ്റിനിർത്താൻ കേന്ദ്ര ഏജൻസികളെ പ്രേരിപ്പിച്ചതെന്നാണ് കർഷകർ പറയുന്നത്. ഇതിനെതിരെ കർഷകരുടെ വിവിധ സംഘടനകൾ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ്.
എൻ.സി.സി.എഫിന്റെ നിലപാടിനെതിരെ കൊടിക്കുന്നിൽ സുരേഷ് എം.പി ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.
ധൻധാന്യ കൃഷിയോജനയിൽ അവഗണന
1.കഴിഞ്ഞ പുഞ്ചകൃഷിയുടേതുൾപ്പെടെ നെൽവില യഥാസമയം ലഭ്യമാക്കാത്തതിലും അനാവശ്യകിഴിവിലും സപ്ളൈകോയ്ക്കും സംസ്ഥാന സർക്കാരിനുമെതിരെ കർഷകരോഷം ഇരമ്പുമ്പോഴാണ് നെല്ല് സംഭരണത്തിൽ സംസ്ഥാന സർക്കാരിനെയും സപ്ളൈകോയെയും പഴിക്കുന്ന കേന്ദ്രവും കുട്ടനാടിനെ തഴഞ്ഞത്
2.കർഷകർക്കും കാർഷികവൃത്തിക്കും പേരുകേട്ട കുട്ടനാടും ഓണാട്ടുകരയും കഞ്ഞിക്കുഴിയും ചേർത്തലയും ഉൾപ്പെടുന്ന പ്രദേശത്തെയാണ് കാർഷിക മേഖലയിലെ ഉന്നമനം ലക്ഷ്യമിട്ട് കഴിഞ്ഞ കേന്ദ്ര ബഡ‌്ജറ്റിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി ധൻ ധാന്യ കൃഷിയോജന പദ്ധതിയിൽ ഉൾപ്പെടുത്താതെ തഴഞ്ഞിരിക്കുന്നത്
3.ഏതാനും ആഴ്ചമുമ്പ് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകൾ സന്ദർശിച്ച ബി.ജെ.പി നേതാക്കളോടും കേന്ദ്ര കൃഷി വകുപ്പ് ഉദ്യോഗസ്ഥരോടും കർഷകരും കർഷക സംഘടനകളും ബുദ്ധിമുട്ടുകൾ വിവരിക്കുകയും പരിഹാര നടപടികൾ ഉറപ്പ് നൽകുകയും ചെയ്തതാണ്. ഇതിനിടെയാണ് കേന്ദ്രം കുട്ടനാടിനെ ഒഴിവാക്കിയത്
4.ഇന്ത്യയിലെ ഏക താഴ്ന്ന നിലയിലുള്ള കൃഷി മേഖലയാണ് കുട്ടനാട്. യു.എൻ അംഗീകരിച്ച ഗ്ലോബലി ഇമ്പോർട്ടന്റ് അഗ്രിക്കൾച്ചറൽ ഹെറിറ്റേജ് സിസ്റ്റം പട്ടികയിൽ ഉൾപ്പെട്ട പ്രദേശവുമാണ്.രണ്ടാം കൃഷിയുടെ നെല്ല് സംഭരണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ അനുകൂല തീരുമാനം ഉണ്ടാകുമോയെന്ന് കണ്ടറിയണം
.....................................................
പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയിൽ ആലപ്പുഴ ഉൾപ്പെടാത്തത് കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ സമീപനത്തിന്റെ തെളിവാണ്. രാഷ്ട്രീയ പരിഗണനകൾ മുൻനിർത്തി ആലപ്പുഴയെ ഒഴിവാക്കിയത് കർഷകരെ നിരാശപ്പെടുത്തുന്ന നടപടിയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരും
- കൊടിക്കുന്നിൽ സുരേഷ് എം.പി
.....................
ധൻധാന്യ കൃഷിയോജനയിൽ കുട്ടനാടിനെ അവഗണിച്ച കേന്ദ്ര നടപടി പ്രതിഷേധാർഹമാണ്. കുട്ടനാടിനെ അടിയന്തരമായി പദ്ധതിയിൽ ഉൾപ്പെടുത്തണം.
-സോണിച്ചൻ പുളുങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി.