നടപടികൾ കടലാസിൽ, മൊബൈൽവേട്ട തുടരുന്നു; കണ്ണൂർ സെൻട്രൽ ജയിലിൽ  മൊബൈൽ മാഫിയ ശക്തം 

Monday 06 October 2025 12:15 AM IST

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും സ്മാർട്ട് ഫോണും ചാർജറും പിടികൂടിയ സംഭവം അധികൃതരുടെ വീഴ്ച വ്യക്തമാക്കുന്നു. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് ശേഷം ഇതുവരെയായി പത്തിലേറെ മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്. അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിൽ നിന്നുൾപ്പെടെ മൊബൈൽ ഫോണുകൾ കണ്ടെത്തിയത് സുരക്ഷാ വീഴ്ചയുടെ ഗൗരവം കൂട്ടുന്നു.

അഞ്ചാം ബ്ലോക്കിന്റെ പിറകുവശത്ത് നിന്നാണ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ നിരോധിത വസ്തുക്കൾ കണ്ടെത്തിയത്. സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജയിലിനകത്ത് പരിശോധന ശക്തമാക്കിയിരുന്നെങ്കിലും മൊബൈൽ കടത്ത് തുടരുന്നത് ജയിൽ സുരക്ഷയിൽ ഗുരുതരമായ പഴുതുകൾ നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു. പ്രത്യേക അന്വേഷണ സംഘം ഉൾപ്പെടെ നിരവധി പരിശോധനകൾ നടത്തിയിട്ടും സ്ഥിതി മെച്ചപ്പെടുന്നില്ല.

ഓഗസ്റ്റ് മാസത്തിൽ മാത്രം മൂന്ന് തവണയാണ് ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടിയത്. ഓഗസ്റ്റ് 27ന് ന്യൂ ബ്ലോക്കിൽ തടവിൽ കഴിയുന്ന തൃശൂർ സ്വദേശിയായ യു.ടി ദിനേശിൽ നിന്ന് ജയിൽ സൂപ്രണ്ട് നടത്തിയ പരിശോധനയിൽ ഫോൺ പിടികൂടി. തുടർന്ന് ഓഗസ്റ്റ് 31ന് അഞ്ചാം ബ്ലോക്കിലെ വിജയശങ്കർ, ജസീർ അലി മുഹമ്മദ് ഫാസിൽ എന്നിവരിൽ നിന്ന് കൂടുതൽ ഫോണുകൾ പിടികൂടി. ഓഗസ്റ്റ് 3ന് പത്താം ബ്ലോക്കിന് മുന്നിൽ കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. തുടർച്ചയായ മൊബൈൽ പിടികൂടലുകൾ സെൻട്രൽ ജയിലിലെ സുരക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്‌കാരങ്ങളുടെ അടിയന്തര ആവശ്യകത എടുത്തുകാട്ടുന്നുണ്ട്.

കടത്ത് ശൃംഖലയുടെ വെളിപ്പെടുത്തൽ ജയിലിനുള്ളിലെ ചിലർ പുറത്തുനിന്ന് എറിഞ്ഞുകൊടുക്കുന്ന മൊബൈൽ ഫോണുകളും ബീഡി കെട്ടുകളും ശേഖരിച്ച് ജയിലിനുള്ളിൽ വിൽപ്പന നടത്തുന്നുണ്ടെന്ന് വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് സുരക്ഷാ വീഴ്ചയുടെ വ്യാപ്തി എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നു. ഓഗസ്റ്റ് 25ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോണും നിരോധിത പുകയില ഉത്പന്നങ്ങളും വലിച്ചെറിയാൻ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

ഗുരുതരമായ സുരക്ഷാ ഭീഷണി ജയിലിൽ നിരോധിത മൊബൈൽ ഫോണുകൾ കടത്തുന്നത് കേവലം അച്ചടക്ക ലംഘനം മാത്രമല്ല, ഗുരുതരമായ സുരക്ഷാ ഭീഷണിയും കൂടിയാണ്. തടവുകാർക്ക് മൊബൈൽ ഫോൺ ലഭ്യമാകുന്നത് പുറത്തുള്ള കുറ്റവാളികളുമായി ബന്ധം തുടരാനും കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യാനും സഹായിക്കും. സുരക്ഷാ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും കടത്ത് ശൃംഖല തകർക്കുന്നതിനും ആന്തരിക-ബാഹ്യ കൂട്ടുകെട്ട് അവസാനിപ്പിക്കുന്നതിനും അടിയന്തര നടപടികൾ ആവശ്യമാണ്. 2021ൽ സംസ്ഥാനത്തെ ജയിലുകളിൽ മൊബൈൽ എൻഹാൻസ്ഡ് സ്‌പെക്ട്രം അനാലിസിസ് സംവിധാനം സ്ഥാപിക്കാൻ സർക്കാർ തയ്യാറെടുത്തിരുന്നു. സംസ്ഥാനത്തെ എല്ലാ മൊബൈൽ കമ്പനികളുടെയും സേവനം ലഭിക്കുന്ന ടവർ ജയിൽ വളപ്പിൽ സ്ഥാപിക്കുന്നതാണ് ആദ്യഘട്ടമെന്ന് അന്ന് അറിയിച്ചിരുന്നു. എന്നാൽ ഈ സാങ്കേതിക പരിഹാരം ഫലപ്രദമായി നടപ്പാക്കിയിട്ടില്ല.