പോഷൺ അഭിയാനുമായി വനിതാ, ശിശുവികസന മന്ത്രാലയം; രാഷ്ട്രം ശക്തമാകാൻ ആദ്യം കുട്ടികൾ ശക്തരാകണം
ഭാരതത്തിന്റെ പോഷകാഹാര ഭൂമികയെ പരിവർത്തനം ചെയ്യാനുള്ള പദ്ധതിയെന്ന നിലയിൽ കേന്ദ്ര സർക്കാർ 'പോഷൺ അഭിയാന്" തുടക്കം കുറിച്ചത് 2018-ലാണ്. സർവാശ്ലേഷിയായ വളർച്ചയ്ക്കും സാമൂഹിക വികസനത്തിനും ഊന്നൽ നൽകി, പോഷണയുക്തമായ ഒരു രാഷ്ട്രത്തിന് അടിത്തറ പാകിയ ഈ പദ്ധതി 2047-ൽ വികസിത ഭാരതം സാക്ഷാത്കരിക്കാനുള്ള നമ്മുടെ പ്രയാണത്തിലെ ഒരു പ്രധാന സ്തംഭമായി ഉയർന്നുവന്നിട്ടുണ്ട്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി എല്ലാ കുട്ടികൾക്കും പോഷകാഹാരം ലഭിക്കുന്ന, എല്ലാ അമ്മമാരെയും ശാക്തീകരിക്കുന്ന ഒരു നവഭാരതം കെട്ടിപ്പടുക്കാൻ വനിതാ- ശിശു വികസന മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്.
'മിഷൻ സക്ഷം അങ്കൺവാടി", 'പോഷൺ 2.0" എന്നിവ മുഖേന കുട്ടികൾ, കൗമാര പ്രായരായ പെൺകുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ തുടങ്ങിയവരിലെ പോഷകാഹാര ഗുണഫലങ്ങൾ മെച്ചപ്പെടുത്താനും ആരോഗ്യ ക്ഷേമം, പ്രതിരോധശേഷി എന്നിവ വർദ്ധിപ്പിക്കാനുമുള്ള നൂതന രീതികൾ വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നമ്മൾ ലക്ഷ്യമിടുന്നു. 14 ലക്ഷം അങ്കൺവാടി കേന്ദ്രങ്ങളുടെ വിപുലമായ ശൃംഖലയാണ് ഈ പ്രവർത്തനത്തിന്റെ കേന്ദ്രം. ഈ ശൃംഖലയിലൂടെ മന്ത്രാലയം ഏകദേശം 10 കോടി ഗുണഭോക്താക്കളെ പിന്തുണയ്ക്കുന്നു. രാജ്യത്തുടനീളമുള്ള എട്ടു കോടിയിലധികം കുട്ടികളുടെ ആരോഗ്യത്തിനും പോഷകാഹാരത്തിനും പിന്തുണ നൽകിക്കൊണ്ട് മന്ത്രാലയം ഭാവിയെ പരിപോഷിപ്പിക്കുകയാണ് ചെയ്യുന്നത്. കുട്ടികൾക്ക് ആരോഗ്യപൂർണമായ ഭക്ഷണവും, എല്ലാ ഗുണഭോക്താക്കൾക്കും റേഷനും എത്തിക്കുന്ന 'അനുബന്ധ പോഷകാഹാര പദ്ധതി"യാണ് ഈ ഉദ്യമത്തിന്റെ കാതൽ. ശുപാർശ ചെയ്യുന്ന ഭക്ഷണവും ശരാശരി ദൈനംദിന ഉപഭോഗവും തമ്മിലുള്ള വിടവ് നികത്തുകയാണ് ലക്ഷ്യം. ഭക്ഷണ വൈവിദ്ധ്യം സ്വീകരിച്ചും പ്രാദേശികവും പരമ്പരാഗതവുമായ ഭക്ഷണങ്ങളെ പിന്തുണച്ചും ഓരോ കുട്ടിക്കും വളരാനും പഠിക്കാനും അഭിവൃദ്ധി പ്രാപിക്കാനും ആവശ്യമായ പോഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വനിതാ- ശിശു വികസന മന്ത്രാലയം ശ്രമിക്കുന്നു.
പൊണ്ണത്തടിയും
അമിതഭാരവും
കുട്ടികളിലെ വിളർച്ചയും വളർച്ചാ മുരടിപ്പും പരിഹരിക്കുന്നതിനുള്ള പദ്ധതികളിൽ ഇന്ത്യ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെങ്കിലും, മറ്റൊരു പ്രധാന പോഷകാഹാര സൂചകമായ അമിതഭാരവും പൊണ്ണത്തടിയും പരിഹരിക്കേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, കുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ കുട്ടിക്കാലത്തെ പൊണ്ണത്തടി ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. ഇത് ടൈപ്പ്- 2 പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ രോഗങ്ങൾക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. സതേൺ കാലിഫോർണിയ സർവകലാശാലയും, കാലിഫോർണിയ ബെർക്ലി സർവകലാശാലയും, മക്ഗിൽ സർവകലാശാലയും ചേർന്ന് നടത്തിയ പഠനത്തിൽ, ഗർഭകാലത്ത് പഞ്ചസാര ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് കുട്ടികളിൽ ടൈപ്പ്- 2 പ്രമേഹത്തിനുള്ള സാദ്ധ്യത കുറയ്ക്കുമെന്നും, മുതിരുമ്പോൾ രക്താതിമർദ്ദത്തിനുള്ള സാഹചര്യം നിയന്ത്രിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശമനുസരിച്ച് കുട്ടികളും മുതിർന്നവരും ദിവസേനയുള്ള ആകെ കലോറി ഉപഭോഗത്തിന്റെ 10 ശതമാനമായി പഞ്ചസാരയുടെ അളവ് പരിമിതപ്പെടുത്തണം. പ്രതിദിനം കഴിക്കുന്ന സ്വാഭാവിക പഞ്ചസാരയുടെ അളവ് അഞ്ച് ശതമാനമായി കുറയ്ക്കാനും ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു. രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് ഒട്ടും പഞ്ചസാര നൽകരുതെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂട്രീഷൻ ശുപാർശ ചെയ്യുന്നത്. കൂടാതെ, സമീകൃതാഹാരത്തിന്റെ ഭാഗമായി ഗർഭിണികൾ ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും ലിംഗഭേദമെന്യേ പഞ്ചസാരയുടെ അളവ് ദൈനംദിന കലോറി ഉപഭോഗത്തിന്റെ അഞ്ചു ശതമാനത്തിൽ താഴെയായിരിക്കണമെന്നും ശുപാർശ ചെയ്യുന്നുണ്ട്. ഇതുപോലെ തന്നെ, ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനും പ്രഭാത ലഘുഭക്ഷണത്തിന്റെ ഭാഗമായുള്ള മധുരപലഹാരങ്ങൾ കുറയ്ക്കാനും ശ്രദ്ധിക്കണം.
പരമ്പരാഗത ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി വനിതാ- ശിശു വികസന മന്ത്രാലയം പ്രാദേശിക ചേരുവകളിൽ നിന്നും റാഗി, ചെറുധാന്യങ്ങൾ, പയർവർഗങ്ങൾ തുടങ്ങിയവയിൽ നിന്നും തയ്യാറാക്കിയ പോഷകസമൃദ്ധമായ പ്രീമിക്സുകൾ ആയ 'പുഷ്ടാഹാർ" ലഭ്യമാക്കുന്നു. കടകളിൽ നിന്ന് വാങ്ങുന്ന മിശ്രിതങ്ങൾക്ക് ബദലാണ് ആരോഗ്യകരവും വൈവിദ്ധ്യപൂർണവുമായ 'പുഷ്ടാഹാർ." ഈ അമൃത കാലത്ത്, കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണവും മതിയായ കലോറിയും ലഭ്യമാകണം. അവർക്കുള്ള ഭക്ഷണം ആവശ്യമായ അളവിൽ നല്കിയാൽ മാത്രം പോരാ, അത് ആരോഗ്യകരമായിരിക്കുകയും വേണം.