'ഭാര്യക്ക് അവിഹിത ബന്ധം', മാറിത്താമസിച്ച ഭര്‍ത്താവ് തിരിച്ചെത്തിയത് കത്തിയുമായി

Sunday 05 October 2025 10:50 PM IST

ഗ്വാളിയര്‍: ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് ചെയ്തത് കൊടുക്രൂരത. സംശയം മൂത്ത ഭര്‍ത്താവ് യുവതിയുടെ മൂക്ക് മുറിച്ചെടുക്കുകയായിരുന്നു. താന്‍സന്‍ നഗറിലെ ഒരു ഡയറി ഫാമില്‍ ജോലിക്ക് പോകുന്നതിനിടെയാണ് 35കാരിയായ യുവതി ആക്രമിക്കപ്പെട്ടത്. മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് മാറി താമസം ആരംഭിക്കുകയും ചെയ്തു. ഒരു ദിവസം യുവതി ജോലിക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്.

വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് നിന്ന് ജോലിക്ക് പോകുമ്പോള്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തിയ ശേഷം അവിഹിത ബന്ധം ആരോപിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്ത ഭര്‍ത്താവ് ഇവരെ മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് കഴുത്തില്‍ കുത്തിപ്പിടിച്ച ശേഷം കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് മൂക്ക് മുറിക്കുകയായിരുന്നു.

നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴാണ് ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് യുവതിയെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലാക്കുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഭര്‍ത്താവ് പതിവായി തന്നെ സംശയിക്കുകയും വഴക്കിടുകയും ചെയ്തിരുന്നതായും, ഇതിനെ തുടര്‍ന്നാണ് മകളോടൊപ്പം മാറിത്താമസിക്കാന്‍ നിര്‍ബന്ധിതയായതെന്നും യുവതി പൊലീസിനോട് പറഞ്ഞു. പ്രതി നിലവില്‍ ഒളിവിലാണെന്നും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പൊലീസ് അറിയിച്ചു.