അഭിനയത്തിൽ നിന്ന് ഇടവേള,​ രജനികാന്ത് ആത്മീയ യാത്രയിൽ,​ ചിത്രങ്ങൾ വൈറൽ

Sunday 05 October 2025 11:21 PM IST

കോടികൾ പ്രതിഫലം വാങ്ങുന്ന സൂപ്പർതാരമാണെങ്കിലും സിനിമയ്ക്ക് പുറത്ത് നടൻ രജനികാന്തിന്റെ സിംപ്ലിസിറ്റി പ്രശസ്തമാണ്. മേക്കപ്പോ വിഗോ ഇല്ലാതെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനും രജനികാന്തിന് മടിയില്ല. അത്തരത്തിൽ താരപ്രഭയിൽ നിന്ന് മാറി സുഹൃത്തുക്കൾക്കൊപ്പമുള്ള ഒരു യാത്രയിൽ നിന്നുള്ള രജനികാന്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഷൂട്ടിംഗിന്റെ ഇടവേളകളിൽ ഹിമാലയയാത്ര പോകരുന്നത് രജനികാന്തിന്റെ പതിവാണ്. ഇത്തവണ ഋഷികേശിലേക്കാണ് സുഹൃത്തക്കൾക്കൊപ്പം താരത്തിന്റെ യാത്ര. വെള്ളമുണ്ടും അരക്കൈ കുർത്തയും തോർത്തുമണിഞ്ഞ് സിംപിൾ ലുക്കിലാണ് രജനികാന്തിനെ ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. റോഡരികിൽ നിന്ന് പാള പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും കാണാം

ശനിയാഴ്ച, ഋഷികേശിലെ സ്വാമി ദയാനന്ദ ആശ്രമത്തിലും രജനികാന്ത് സന്ദർശനം നടത്തിയിരുന്നു. അവിടെ നിന്നുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഗംഗാ തീരത്ത് ധ്യാനിക്കാനും ഗംഗാ ആരതിയിൽ പങ്കെടുക്കാനും അദ്ദേഹം സമയം കണ്ടെത്തി. നിരവധി പേരാണ് താരത്തിന്റെ എളിമയെ പ്രശംസിച്ച് കമന്റ് ചെയ്തിരിക്കുന്നത്. രജനികാന്ത് എന്നും പ്രചോദനമാണെന്നം എളിമയും ലളിതവുമായ വ്യക്തിത്വം എന്ന് ചിലർ കുറിച്ചു. സൂപ്പർ സ്റ്റാറും സിമ്പിൾ സ്റ്റാറും എന്നാണ് ഒരാളുടെ കമന്റ്.

അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലിയാണ് രജനികാന്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ നിന്ന് ലഭിച്ചത്. നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ2 വിന്റെ ഷൂട്ടിംഗിലാണ് രജനികാന്ത് ഇപ്പോൾ. ചിത്രത്തിന്റെ നിർണായക ഭാഗങ്ങൾ കേരളത്തിൽ വച്ചാണ് ചിത്രീകരിക്കുന്നത്. ഇതിനായി കഴിഞ്ഞ ദിവസങ്ങളിൽ രജനികാന്ത് കേരളത്തിൽ എത്തിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം കമലഹാസനൊപ്പം അഭിനയിക്കുന്ന രജനികാന്ത് ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്.