വിതുര സ്കൂളിന്റെ അടുക്കളത്തോട്ടത്തിൽ നൂറുമേനി വിളവ്
വിതുര:കുട്ടികൾ തയ്യാറാക്കിയ അടുക്കളത്തോട്ടത്തിൽ നിന്നും ലഭിച്ച ചീരയും പച്ചക്കറികളും സ്കൂൾ ഉച്ചഭക്ഷണത്തോടൊപ്പം നൽകി മാതൃകയായിരിക്കുകയാണ് വിതുര ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും വിദ്യാർത്ഥികളും.സർക്കാരിന്റെ പുതുക്കിയ ഭക്ഷണമെനു പ്രകാരം എല്ലാ ആഴ്ചയിലും ഉച്ചഭക്ഷണത്തോടൊപ്പം ഇലക്കറികളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിഷരഹിത പച്ചക്കറി സ്വയം കൃഷി ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് അടുക്കളത്തോട്ടം സജ്ജമാക്കിയത്.ചീര, മുളക്,തക്കാളി,വഴുതന,പാവൽ തുടങ്ങിയവയാണ് തോട്ടത്തിൽ സമൃദ്ധമായി വളരുന്നത്.പ്രതികൂലകാലാവസ്ഥയെ അവഗണിച്ച് നടത്തിയ അടുക്കളത്തോട്ടത്തിൽ നിന്നും മികച്ച വിളവാണ് ലഭിച്ചത്. ആദ്യ വിളവെടുപ്പ് ആവേശമായതോടെ കൃഷി കൂടുതൽ ഇടങ്ങളിൽ വ്യാപിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വിദ്യാർത്ഥികൾ. വളം നൽകൽ,കീട നിയന്ത്രണം തുടങ്ങി അടുക്കളത്തോട്ടത്തിന്റെ പൂർണ്ണ പരിപാലനവും വിദ്യാർത്ഥികളാണ്. ഹെഡ്‌മിസ്ട്രസ് ഷീജ വി.എസ് ആദ്യ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു. എസ്.പി.സി. പദ്ധതിയുടെ കൃഷി കോർഡിനേറ്ററായ തച്ചൻകോട് മനോഹരൻ നായർ,എസ്.ആർ.ജി.കൺവീനർ ഷിബു.ആർ,സി.പി.ഒ മാരായ പ്രിയ ഐ. വി.നായർ,അൻവർ കെ എന്നിവർ പങ്കെടുത്തു.