സമാധാനം അരികെ : ഇസ്രയേൽ - ഹമാസ് സമാധാന ചർച്ച ഇന്ന്
ടെൽ അവീവ്: ഗാസയെ സമാധാന പാതയിലേക്ക് മടക്കുന്നതിന് ഈജിപ്തിൽ ഇന്ന് യു.എസിന്റെയും അറബ് രാജ്യങ്ങളുടെയും മദ്ധ്യസ്ഥതയിൽ ഹമാസും ഇസ്രയേലും നടത്തുന്ന സമാധാന ചർച്ചയിൽ പ്രതീക്ഷയോടെ ലോകം. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതി പ്രകാരം ബന്ദികളെ കൈമാറിയാൽ ഹമാസും വെടിനിറുത്തലിന് ഇസ്രയേലും സമ്മതിച്ചിട്ടുണ്ട്.
ചർച്ചകൾക്കായി ട്രംപിന്റെ മരുമകൻ ജറേദ് കുഷ്‌നറും മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരും ഈജിപ്തിലെത്തി. അതേസമയം കുഞ്ഞുങ്ങളടക്കം 67,130ലേറെ പാലസ്തീനികളുടെ ജീവനെടുത്ത യുദ്ധത്തിന് നാളെ രണ്ട് വർഷം തികയും. 2023 ഒക്ടോബർ 7ന് രാവിലെ ഹമാസിന്റെ 5,000 റോക്കറ്റുകൾ ഇസ്രയേലിനെ പ്രഹരിച്ചതോടെയാണ് യുദ്ധം തുടങ്ങിയത്. .
ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയ ഹമാസ് അംഗങ്ങൾ ആയിരത്തിലേറെ പേരെ കൊന്നു. നഗരങ്ങൾ കത്തിച്ചു. 251 പേരെ ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയി. തുടർന്നാണ് ഇസ്രയേൽ ' സ്വോർഡ്സ് ഒഫ് അയൺ" എന്ന പേരിൽ ഗാസയിൽ ബോംബിംഗ് തുടങ്ങിയത്. ഹമാസിനെ ഇല്ലാതാക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശപഥവുമെടുത്തു.
ആയുധം ഉപേക്ഷിക്കാതെ ഹമാസ്
ട്രംപിന്റെ 20 ഇന പദ്ധതിയിൽ ബന്ദി മോചനം, ആക്രമണം നിറുത്തൽ, ഗാസയുടെ ഭരണകൈമാറ്റം എന്നീ വ്യവസ്ഥകൾ മാത്രമാണ് ഹമാസ് അംഗീകരിച്ചത്. മറ്ര് പല ഉപാധികളോടും ഹമാസിന് പൂർണ യോജിപ്പിമില്ല. ആയുധം വച്ച് കീഴടങ്ങാനും സമ്മതിച്ചിട്ടില്ല. ഗാസയുടെ ഭരണത്തിൽ പങ്കാളിയാകരുത് എന്ന നിർദ്ദേശത്തോടും പ്രതികരിച്ചിട്ടില്ല. ചർച്ച വേണമെന്ന നിലപാടിലാണവർ. സ്വതന്ത്ര പാലസ്തീൻ അനുവദിക്കില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്.
2000 പാലസ്തീനികളെ മോചിപ്പിക്കും
1. വെടിനിറുത്തലും മുഴുവൻ ബന്ദികളുടെ മോചനവും (കൊല്ലപ്പെട്ട ബന്ദികളുടെ ഉൾപ്പെടെ) അടക്കം പദ്ധതിയുടെ ആദ്യ ഘട്ടം ഉടൻ നടപ്പാക്കാൻ സാദ്ധ്യത. ഇസ്രയേൽ സൈന്യം ഗാസയുടെ നിശ്ചിത ഇടങ്ങളിൽ നിന്ന് പിൻമാറും. ഇസ്രയേലി ജയിലുകളിലുള്ള രണ്ടായിരത്തോളം പാലസ്തീനികളെ മോചിപ്പിക്കും
2. ഹമാസ് ആയുധങ്ങൾ കൈമാറണം, ഗാസ വിടണം തുടങ്ങിയ വ്യവസ്ഥകൾ ചർച്ച ചെയ്യും. ഗാസയിലെ ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നും ഗാസയെ ഇസ്രയേൽ പിടിച്ചെടുക്കില്ലെന്നും ട്രംപിന്റെ ഉറപ്പ്. ഗാസയുടെ പുനർനിർമ്മാണം വാഗ്ദ്ധാനം
3. ഹമാസ് അംഗീകരിച്ചാൽ, ട്രംപ് അദ്ധ്യക്ഷനായ സമാധാന ബോർഡ് സ്വതന്ത്ര പാലസ്തീൻ കമ്മിറ്റിക്ക് ഗാസയുടെ താത്കാലിക ഭരണം നൽകും
4. ഹമാസ് വ്യവസ്ഥകൾ തള്ളിയാൽ, ഇസ്രയേലിന് എന്തുവേണമെങ്കിലും ചെയ്യാമെന്ന് ട്രംപ്
``ഗാസയിൽ അധികാരത്തിൽ തുടരാൻ ശ്രമിച്ചാൽ, ഹമാസ് പൂർണമായും ഉന്മൂലനം ചെയ്യപ്പെടും.``
- ഡൊണാൾഡ് ട്രംപ്,
പ്രസിഡന്റ്, യു.എസ്
``ബന്ദികളെ മുഴുവൻ വിട്ടുകിട്ടാതെ വെടിനിറുത്തൽ പദ്ധതി മുന്നോട്ടുപോകില്ല.``
- ബെഞ്ചമിൻ നെതന്യാഹു,
പ്രധാനമന്ത്രി, ഇസ്രയേൽ
-------------------- ഗാസയിൽ ശേഷിക്കുന്ന ബന്ദികൾ ....... 48
ജീവനോടെയുള്ളവർ.........................................20