പ്രവേശനത്തിന് ഒരുങ്ങി സുവോളജിക്കൽ പാർക്ക്

Monday 06 October 2025 12:08 AM IST

തൃശൂർ: ജനുവരിയിൽ കേരളത്തിന്റെ കൗതുകത്തിന്‌, സുവോളജിക്കൽ പാർക്കിലേക്കുള്ള കാഴ്ചകൾക്കായി വരി നിൽക്കാം. ഏഷ്യയിലെ ഏറ്റവും വലിയ ഡിസൈനർ സുവോളജിക്കൽ പാർക്കിൽ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ മൃഗങ്ങൾ കാഴ്ചക്കാർക്കായി മേയാനിറങ്ങും. പക്ഷികൾ പാറിപ്പറക്കും. പ്രവർത്തനോദ്ഘാടനം 28 ന് നടക്കാനിരിക്കേ, ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. തൃശൂർ മൃഗശാലയിൽ നിന്ന് ഭൂരിഭാഗം മൃഗങ്ങളും പുത്തൂരിലെത്തി. കർണ്ണാടക അടക്കമുള്ള അയൽസംസ്ഥാനങ്ങളിലെ മൃഗങ്ങൾ പുതുവർഷത്തിന് മുൻപേയെത്തും. സീബ്ര, ജിറാഫ്, അനാകോണ്ട എന്നിവയോടൊപ്പം തെക്കൻ ആഫ്രിക്കയിലെ തുറന്ന സമതലങ്ങളിലും പീഠഭൂമിയുടെ താഴ്‌വരകളിലും കാണുന്ന വലിപ്പമുള്ള മാനുകളായ എലാൻഡകളും ആറ് മാസത്തിനകമെത്തും. ധാരാളം കുറ്റിക്കാടുകൾ അടങ്ങിയ വരണ്ട പ്രദേശമായതിനാൽ പുത്തൂർ ഇവയ്ക്ക് അനുയോജ്യമാണ്്.

ആദ്യം ട്രയൽ റൺ

ഉദ്ഘാടന ശേഷം രണ്ട് മാസം ട്രയൽ റണ്ണാണ്. ആദ്യത്തെ രണ്ടുമാസം പ്രവേശനം മുൻകൂട്ടി ബുക് ചെയ്യണം. ജനത്തിരക്കുണ്ടാകുമ്പോൾ മൃഗങ്ങളുടെ പ്രതീകരണം മനസിലാക്കാനാണിത്. മനുഷ്യരുമായി ഇണങ്ങിച്ചേരുന്നതോടെ ജനുവരി മാസത്തോടെ എല്ലാവർക്കും പ്രവേശനമുണ്ടാകും.

ആഘോഷമാക്കി ഉദ്ഘാടനം

ഉദ്ഘാടനത്തിന് മുന്നോടിയായി പാർക്കിനുള്ളിൽ പ്രഭാതനടത്തം, മൃഗശാലയുടെ മുന്നിൽ നിന്നാരംഭിക്കുന്ന മിനി മാരത്തൺ, സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള യാത്ര, ഭിന്നശേഷി വിഭാഗക്കാരുടെ പാർക്ക് സന്ദർശനം, അങ്കണവാടി ജീവനക്കാർക്കായുള്ള പാചകമത്സരം, കുടുംബശ്രീയുടെ ഫുഡ്‌ഫെസ്റ്റ് തുടങ്ങിയവയുണ്ടാകും. 25ന് വൈകീട്ട് സാംസ്‌കാരിക വിളംബരറാലിയും സാംസ്‌കാരികസംഗമവും സംഘടിപ്പിക്കും. 26ന് രണ്ട് മുതൽ തദ്ദേശീയ കലാപരിപാടികളും 27ന് കുടുംബശ്രീ പ്രവർത്തകർ പങ്കെടുക്കുന്ന കലാപരിപാടികളും നടക്കും. 28ന് മൂന്നിന് രണ്ട് കേന്ദ്രങ്ങളിൽ നിന്നായി ആരംഭിക്കുന്ന ഘോഷയാത്രയോടെ പ്രവർത്തനോദ്ഘാടനച്ചടങ്ങുകൾ തുടങ്ങും. നാലരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സുവോളജിക്കൽ പാർക്ക് നാടിന് സമർപ്പിക്കും.

മൃഗങ്ങളെ തൃശൂർ മൃഗശാലയിൽ നിന്ന് കൊണ്ടുവരാനുളള നടപടികൾ അതിവേഗം തുടരുന്നുണ്ട്.

കെ.ജെ.വർഗീസ്, പാർക്ക് സ്‌പെഷ്യൽ ഓഫീസർ