ശബരിമല വിവാദം പ്രതിരോധത്തിൽ എൽ.ഡി.എഫ് യു.ഡി.എഫിന് പിടിവള്ളി

Monday 06 October 2025 12:24 AM IST

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലൂടെ ആർജ്ജിച്ച വിശ്വാസി സമൂഹത്തിന്റെ പിന്തുണ രാഷ്ട്രീയ നേട്ടമാക്കാൻ മോഹിച്ച എൽ.ഡി.എഫ് ശബരിമല സ്വർണപ്പാളി വിവാദത്തോടെ പ്രതിരോധത്തിൽ. നീണ്ട പത്ത് വർഷത്തിന് ശേഷം ഭരണത്തിൽ തിരിച്ചുവരവിന് ശ്രമിക്കുന്ന യു.ഡി.എഫിന് ഇത് നല്ലൊരു പിടിവള്ളിയും. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നാളെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് വിവാദം കൊഴുപ്പിക്കാൻ ബി.ജെ.പിയും രംഗത്തിറങ്ങുന്നതോടെ, പുതിയ രാഷ്ട്രീയ പോർമുഖം തുറക്കപ്പെടും. രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിലപാട് കടുപ്പിച്ചതും രാഹുലിന് മറ്റൊരു പക്ഷം കവചമൊരുക്കിയതും കോൺഗ്രസിലുണ്ടാക്കിയ പാളയത്തിൽപ്പട യു.ഡി.എഫിനെ ഇടയ്ക്ക് റിവേഴ്സ് ഗിയറിലാക്കി. ഇത് സൃഷ്ടിച്ച ആശങ്കയാണ് സ്വർണ്ണപ്പാളി തട്ടിപ്പിൽ അകന്നത്. ഇന്ന് ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ മുഖ്യ ചർച്ചയാവുന്നതും ഈ വിഷയമാവും. വിശ്വാസി സമൂഹത്തിന്റെ പിന്തുണ തങ്ങളിലേക്ക് തിരിച്ചുവിടാനുള്ള പദ്ധതികൾ യു.ഡി.എഫ് ആസൂത്രണം ചെയ്യും.

ഉരിയാട്ടമില്ലാതെ

എൽ.ഡി.എഫ്

ശബരിമല വിവാദത്തിൽ കൃത്യമായ ഒരു പ്രതികരണവും സർക്കാരിൽ നിന്നോ, എൽ.ഡി.എഫിൽ നിന്നോ വന്നിട്ടില്ല. ദേവസ്വം വിജിലൻസാണ് തട്ടിപ്പിനെപ്പറ്റി അന്വേഷിക്കുന്നത്. പ്രതിപക്ഷം ആവശ്യപ്പെടുന്നത് പോലെ സി.ബി.ഐ അന്വേഷണത്തിന് സർക്കാരിന് താത്പര്യമില്ല. സ്വർണ്ണം പൊതിഞ്ഞ വാതിലുകളും ദ്വാരപാലക ശില്പവുമെല്ലാം ചെമ്പായി മാറിയത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്, 2019 ലാണ്. തുടർച്ചയായി സി.പി.എം പ്രതിനിധികളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്. അതിനാൽ ,ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാവില്ല. അന്വേഷണം ഏതു വഴിക്ക് നീങ്ങുമെന്ന് നിശ്ചയവുമില്ല.അയ്യപ്പ സംഗമ നടത്തിപ്പിന് മൂന്ന് കോടി ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന് കൈമാറിയതും വിവാദമായി. അയ്യപ്പ സംഗമ നടത്തിപ്പിന് ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും പണം ചെലവഴിക്കില്ലെന്നാണ് കോടതിയോട് പറഞ്ഞിരുന്നത്.

കളം പിടിക്കാൻ

ബി.ജെ.പി

എസ്.എൻ.ഡി.പി യോഗവും എൻ.എസ്.എസും ഇടതു സർക്കാരിനോട് മമത കാട്ടുമ്പോൾ തങ്ങൾക്കുണ്ടാവുന്ന ബലക്ഷയം പരിഹരിക്കാനുള്ള സന്ദർഭമായാണ് ബി.ജെ.പി ഈ വിഷയത്തെ കാണുന്നത്.സ്ത്രീപ്രവേശന വിവാദത്തിൽ നാമജപ ഘോഷയാത്രയ്ക്ക് എല്ലാ പിന്തുണയും നൽകിയിട്ടും, എൻ.എസ്.എസ് അയ്യപ്പസംഗമത്തോട് സഹകരിച്ചതിൽ ബി.ജെ.പി അമർഷത്തിലായിരുന്നു. പുതിയ വിവാദം കൊഴുപ്പിച്ച് വിശ്വാസി സമൂഹത്തെ കൂടെക്കൂട്ടാനുള്ള തന്ത്രങ്ങളാവും പാർട്ടി ആവിഷ്കരിക്കുക.