പോക്‌സോ പ്രതിക്ക് 31 വർഷം തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ

Monday 06 October 2025 6:42 AM IST

തൃശൂർ: ബാലികയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ രണ്ടാം പ്രതിക്ക് 31 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം അദൃശ്ശേരി ചെറുകര സ്വദേശി സിബഹത്തുള്ളയെ(45 ) ആണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ (പോക്‌സോ) കോടതി ശിക്ഷിച്ചത്. ബാലിക പിതാവിനൊപ്പം പന്നിത്തടത്തിലുള്ള സിദ്ധനായ ഒന്നാം പ്രതിയെ കാണാനെത്തിയ സമയം പ്രതിയുടെ വീട്ടിൽ വച്ച് കുട്ടിക്ക് നേരെ ഒന്നിലധികം തവണ ലൈംഗികാതിക്രമം നടത്തിയത് രണ്ടാം പ്രതി അറിഞ്ഞിട്ടും തടയാതെ പ്രേരണ നൽകിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഒന്നാം പ്രതി വിചാരണ വേളയിൽ മരിച്ചു. ഒന്നാം പ്രതിയുടെ ഭാര്യയായ മൂന്നാം പ്രതിയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഇ.എ. സീനത്ത് ഹാജരായി. വടക്കാഞ്ചേരി പോക്‌സോ കോടതി ലൈസൺ ഓഫീസർ എ.എസ്.ഐ: പി.ആർ. ഗീത പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.