കരൂർ: എസ്.ഐ.ടി ദുരന്തസ്ഥലത്ത്
ചെന്നൈ: കരൂരിൽ വിജയ്‌യുടെ രാഷ്ട്രീയ പ്രചാരണ റാലിക്കിടെ തിക്കിലും തിരക്കിലും 41 പേർ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി)
ദുരന്തസ്ഥലം സന്ദർശിച്ചു. ഐ.ജി അസ്ര ഗാർഗിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കരൂരിലെ വേലുച്ചാമിപുരത്തെത്തി തെളിവുകൾ ശേഖരിച്ചു. പരിക്കേറ്റവരുടേയും മരിച്ചവരുടെ ബന്ധക്കളുടെ മൊഴികൾ രേഖപ്പെടുത്തി. അതിനിടെ അറസ്റ്റ് ഒഴിവാക്കാൻ തമിഴക വെട്രി കഴകം ( ടി.വി.കെ) നേതാക്കൾ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചു. ടി.വി.കെ സംസ്ഥാന സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് ജനറൽ സെക്രട്ടറി സി.ടി.ആർ നിർമൽ
നാമക്കൽ ജില്ലാ സെക്രട്ടറി എൻ.സതീഷ് കുമാർ എന്നിവരാണ് മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കുന്നത്. ഇതിനൊപ്പം കേസ് ഒഴിവാക്കുന്നതിന് വിജയ്‌യും സുപ്രീംകോടതിയെ സമീപിക്കുമെന്നും ടി.വി.കെ വൃത്തങ്ങൾ സൂചിപ്പിച്ചു. മുൻകൂർ ജാമ്യം മദ്രാസ് ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ബുസി ആനന്ദ് ഉൾപ്പെടെ ഒളിവിലാണ്. ഇവരെ അറസ്റ്റു ചെയ്യാൻ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അസ്ര ഗാർഗിനെ കൂടാതെ രണ്ട് എസ്.പിമാർ,ഒരു അഡിഷണൽ എസ്.പി, രണ്ട് ഡിവൈ എസ്.പിമാർ, അഞ്ച് ഇൻസ്‌പെക്ടർമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ദുരന്തത്തിൽ തമിഴക വെട്രി കഴകത്തെയും വിജയ്‌യെയും മദ്രാസ് ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. മനുഷ്യ നിർമ്മിത ദുരന്തമാണുണ്ടായത്. അപകടമുണ്ടായപ്പോൾ സംഘാടകരും നേതാക്കളും അനുയായികളെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. വിജയ്‌യിക്ക് നേതൃപാടവമില്ല. ദുരന്തത്തിനുനേരെ കണ്ണടയ്ക്കാൻ കഴിയില്ലെന്നു പറഞ്ഞ കോടതി, നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും ഓർമ്മിപ്പിച്ചു.
വിജയ് അനങ്ങിയില്ല:
തെളിവായി വീഡിയോ
നാമക്കലിൽ നിന്ന് കരൂരിലേക്ക് പോകുമ്പോൾ വിജയ് സഞ്ചരിച്ച ബസ് ടി.വി.കെ അനുയായിയുടെ ബൈക്കിൽ ഇടിക്കുന്നതും ബൈക്കിൽ സഞ്ചരിച്ചവർ അപകടത്തിൽ പെടുന്നതുമായ വീഡിയോ പ്രചരിച്ചത് വിജയ്‌ക്ക് തലവേദനയായി.
'ഞാനും നിങ്ങളും ഒന്നാണ്' എന്ന് അണികളോടു പറഞ്ഞിരുന്ന വിജയ് ഈ അപകടം കണ്ടിട്ടും വണ്ടി നിറുത്താൻ നിർദ്ദേശിച്ചില്ല. നാമക്കലിൽ നിന്ന് വിജയ്‌യെ പിന്തുടർന്നവരാണ് അപകടത്തിൽപ്പെട്ടത്. അവിടെ നിന്ന് കരൂരിലെത്തിയപ്പോഴായിരുന്നു 41 പേരുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തം.
'ഡ്രൈവറും നേതാവും (വിജയ്) അപകടം കണ്ടു, പക്ഷേ നിറുത്താതെ സ്ഥലം വിട്ടു... പാർട്ടിയുടെ (ടി.വി.കെ) മനോഭാവത്തെ ഈ കോടതി ശക്തമായി അപലപിക്കുന്നു' എന്ന് മദ്രാസ് ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു.
''കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതേയുള്ളൂ. മറ്റ് വിവരങ്ങളൊന്നും വെളിപ്പെടുത്താൻ കഴിയില്ല''- അസ്ര ഗാർഗ്, ഐ.ജി- എസ്.ഐ.ടി