തീരാതെ ലഡാക്ക് പ്രശ്‌നം; ഇന്ന് സുപ്രീംകോടതിയിലും

Monday 06 October 2025 12:45 AM IST

ന്യൂഡൽഹി: ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണം, സംസ്ഥാന പദവി അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളിൽ കാര്യമായ ചർച്ച ഇനിയും സാദ്ധ്യമായിട്ടില്ല. ഇന്ന് ചർച്ച നടത്താൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ രൂപീകരിച്ച ഉന്നതതല സമിതി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിൽക്കുന്ന സംഘടനകൾ വഴങ്ങിയിട്ടില്ല. ഇന്ന് ചർച്ച നടക്കുമോയെന്നതിൽ ലേയിലെ ബുദ്ധമത അനുയായികളുടെ സംഘടനയായ അപ്പെക്‌സ് ബോഡിയും കാർഗിലിലെ മുസ്ലിം സമുദായക്കാരുടെ സംഘടന കാർഗിൽ ഡെമോക്രാറ്റിക് അലെയൻസും (കെ.ഡി.എ) സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്. ചർച്ചയ്‌ക്ക് തയാറാണെന്ന് ലഡാക്ക് ചീഫ് സെക്രട്ടറി പവൻ കോട്ട്‌വാൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഭൂമിയും ജോലിയും സംരക്ഷിക്കും തുടങ്ങി ലഡാക്ക് ഭരണകൂടം നൽകുന്ന ഉറപ്പുകളെ സംഘടനകൾ വിശ്വാസത്തിലെടുത്തിട്ടില്ല. സെപ്‌തംബർ 24ലെ പൊലീസ് വെടിവയ്‌പ്പിൽ നാല് പേരാണ് കൊല്ലപ്പെട്ടത്. 80ൽപ്പരം സമരക്കാർക്ക് പരിക്കേറ്റു. ലേയിലെ ബി.ജെ.പി ഓഫീസ് സമരക്കാർ കത്തിച്ചു. സെപ്‌തംബർ 26ന് സമരനായകനും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്‌ചുക്കിനെ അറസ്റ്റ് ചെയ്‌ത് രാജസ്ഥാൻ ജോധ്‌പൂരിലെ ജയിലിൽ അടയ്‌ക്കുകയും ചെയ്‌തു. ഇതോടെയാണ് ചർച്ചകൾ പൂർണമായും വഴിമുട്ടിയത്.

അതേസമയം,​ വാങ്‌ചുക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഗീതാജ്ഞലി ജെ. ആംഗ്‌മോ സമ‌ർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ചും എന്തിനാണ് അറസ്റ്റ് എന്നതിനെ കുറിച്ചും വിവരങ്ങൾ നൽകുന്നില്ലെന്ന് ഹർജിയിൽ പരാതിപ്പെട്ടു. ദേശീയ സുരക്ഷാ നിയമം ചുമത്തിയതിനെയും ചോദ്യം ചെയ്‌തു. അതേസമയം, ല‌ഡാക്ക് പ്രക്ഷോഭത്തിന് ഐക്യദാർഢ്യമർപ്പിച്ച് ഡൽഹിയിൽ ഇന്നലെ പ്രകടനങ്ങൾ സംഘടിപ്പിച്ചു. ജന്തർ മന്ദറിൽ വിവിധ ഇടതു വിദ്യാ‌ർത്ഥി സംഘടനളുടെ അടക്കം പ്രവർത്തകർ അണിനിരന്നു.

അന്വേഷണമില്ലെങ്കിൽ

ജയിലിൽ തുടരും: വാങ്‌ചുക്ക്

നാലു പേർ കൊല്ലപ്പെട്ടതിൽ സ്വതന്ത്ര ജുഡിഷ്യൽ അന്വേഷണമുണ്ടാകണമെന്നും​ ഇല്ലെങ്കിൽ ജയിലിൽ തുടരുമെന്നും സോനം വാങ്‌ചുക്ക്. മൂത്ത സഹോദരൻ കാ സേത്തൻ ഡോർജെ ലെയും അഭിഭാഷകൻ മുസ്‌തഫ ഹാജിയും ജോധ്‌പൂരിലെ ജയിലിൽ കാണാനെത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.

ശാരീരികമായും മാനസികമായും സുഖമായിരിക്കുന്നു. അപ്പെക്‌സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലെയൻസ് (കെ.ഡി.എ), ലഡാക്കിലെ ജനങ്ങൾ എന്നിവർക്കൊപ്പം ഉറച്ചുനിൽക്കുന്നു. അപ്പെക്‌സ് ബോഡി എന്തു തീരുമാനമെടുത്താലും അതിനൊപ്പമാണ്. പ്രക്ഷോഭം സമാധാനത്തിന്റെ ഗാന്ധിയൻ മാർഗത്തിലൂടെ തുടരണമെന്നും സോനം വാങ്‌ചുക്ക് ആഹ്വാനം ചെയ്തതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു.