വാടക ക്വാർട്ടേഴ്‌സിൽ പാതി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം: പ്രതി മണിക്കൂറുകൾക്ക് ശേഷം പിടിയിൽ

Monday 06 October 2025 6:45 AM IST

കുന്നംകുളം: ചൊവ്വന്നൂരിൽ വാടക ക്വാർട്ടേഴ്‌സിൽ യുവാവിനെ കൊലപ്പെടുത്തി അഗ്നിക്ക് ഇരയാക്കിയ പ്രതി മണിക്കൂറുകൾക്ക് അകം അറസ്റ്റിൽ. ചൊവ്വന്നൂർ ബസ് സ്റ്റോപ്പിന് സമീപം സെന്റ് മേരീസ് ക്വാർട്ടേഴ്‌സിലെ താമസക്കാരനായ സണ്ണിയെയാണ് (62) അറസ്റ്റ് ചെയ്തത്. തൃശൂർ ശക്തൻ സ്റ്റാൻഡിനടുത്ത് നിന്ന് രാത്രി ഏഴരയോടെയാണ് പിടിയിലായത്. മരിച്ച ആൾ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ച രാത്രി ഏഴോടെ സണ്ണി 30 വയസിൽ താഴെയുള്ള ഒരാളുമായി ക്വാർട്ടേഴ്‌സിൽ എത്തിയതായി വിവരമുണ്ട്. സെന്റ് മേരീസ് ക്വാർട്ടേഴ്‌സിൽ പാതി കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം ഞായറാഴ്ച ഉച്ചതിരിഞ്ഞ് അഞ്ചരയോടെയാണ് കണ്ടെത്തുന്നത്. മുറിയിൽ നിന്നും പുക വരുന്നത് കണ്ട ആളുകൾ പുറത്തുനിന്ന് പൂട്ടിയ മുറി തുറന്ന് നോക്കിയപ്പോഴാണ് പാതി കത്തിയ നിലയിൽ കമിഴ്ന്നു കിടക്കുന്ന മൃതദേഹം കണ്ടത്. ഈ മുറിയിലെ താമസക്കാരനായ ചൊവ്വന്നൂർ സ്വദേശിയായ സണ്ണിയെ രാവിലെ മുതൽ കാണാനില്ലായിരുന്നു. സണ്ണി നേരത്തെ രണ്ട് കൊലപാതക കേസിലെ പ്രതിയാണ്. പരിചയമില്ലാത്ത പലരും ഇയാളുടെ മുറിയിൽ വരാറുള്ളതായും പറയുന്നു. കുന്നംകുളം എസ്.എച്ച്.ഒ ജയപ്രദീപിന്റെ നേതൃത്വത്തിൽ പൊലീസെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. തുടരന്വേഷണം നടത്തിയാലേ മറ്റ് വിവരങ്ങൾ പുറത്ത് വരൂ.