ചുമമരുന്ന് ദുരന്തം: ഡോക്‌ടർ കസ്റ്റഡിയിൽ

Monday 06 October 2025 12:46 AM IST

ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ 11 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ചുമ മരുന്ന് കുറിച്ച സർക്കാർ ശിശുരോഗ വിദഗ്ദ്ധൻ ഡോ. പ്രവീൺ സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തശേഷം അറസ്റ്ര് രേഖപ്പെടുത്തും. ചിന്ദ്വാരയിലെ പരേഷ്യ സിവിൽ ആശുപത്രിയിൽ പീഡിയാട്രിക് സ്പെഷ്യലിസ്റ്റാണ്. ഇയാളെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.

സ്വകാര്യ പ്രാക്‌ടീസിനിടെയാണ് ഇയാൾ കോൾഡ്രിഫ് സിറപ്പ് നിർദ്ദേശിച്ചത്. കോൾഡ്രിഫ് നിർമ്മാക്കളായ തമിഴ്നാട് കാഞ്ചീപുരത്തെ ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിനെതിരെ കേസെടുത്തു. കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തു. കമ്പനിക്കെതിരെ ക്രിമിനൽ നടപടികളും ആരംഭിച്ചു. മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവയ്‌ക്ക് പുറമെ കേരളം, തമിഴ്നാട്, തെലങ്കാന, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളും വിവാദ മരുന്നിന്റെ വില്പനയും ഉപയോഗവും നിരോധിച്ചു.

അപകടകാരണം ഡി.ഇ.ജി

കോൾഡ്രിഫ് സിറപ്പിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ (ഡി.ഇ.ജി) എന്ന രാസവസ്‌തു അനുവദനീയമായതിലും കൂടുതൽ അളവിൽ (46.28%)അടങ്ങിയിട്ടുണ്ടെന്ന് ഭോപ്പാലിലെ സർക്കാർ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി നടത്തിയ പരിശോധനയിൽ കണ്ടെത്തി. പെയിന്റുകൾ, ബ്രേക്ക് ഫ്ലൂയിഡുകൾ, പ്ളാസ്റ്റിക് തുടങ്ങിയവയിൽ ഉപയോഗിക്കുന്ന രാസവസ്‌തുവാണിത്. മരുന്ന് കുട്ടികളുടെ വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചെന്നാണ് അനുമാനം. മൂത്രത്തിന്റെ അളവ് കുറയുകയും ക്രിയാറ്റിൻ, യൂറിയ എന്നിവ വർദ്ധിക്കുകയും ചെയ്തു. മരുന്നു കഴിച്ച കുട്ടികൾക്ക് കടുത്ത പനിയും മൂത്രമൊഴിക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നു.

ചുമകൾക്ക്

മരുന്നു വേണ്ട

മിക്ക ചുമകളും ചികിത്സയില്ലാതെ സുഖപ്പെടുന്നവയാണ്. അതിനാൽ കുട്ടികളിൽ പ്രത്യേകിച്ചും കഫ് സിറപ്പുകളുടെ യുക്തിസഹമായ ഉപയോഗം ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. ഗുണനിലവാരം ഉറപ്പാക്കാൻ ആറ് സംസ്ഥാനങ്ങളിലെ 19 കഫ് സിറപ്പുകളുടെ പരിശോധനകൾ ആരംഭിച്ചു. സംസ്ഥാന സർക്കാരുകളും നിരീക്ഷണം ഉറപ്പാക്കണം.