സ്ത്രീധന പ്രശ്നം: യു.പിയിൽ ഗർഭിണിയെ തല്ലിക്കൊന്നു
ലക്‌നൗ: ഉത്തർ പ്രദേശിൽ സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് തല്ലിക്കൊന്നു. രജനി കുമാരിയാണ് (21) കൊല്ലപ്പെട്ടത്. മെയിൻപുരി ജില്ലയിലെ ഗോപാൽപൂർ ജില്ലയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. രജനിയെ ഭർത്താവ് സച്ചിനും ബന്ധുക്കളും ചേർന്ന് മർദ്ദിച്ചു കൊല്ലുകയും പിന്നീട് മൃതദേഹം കത്തിക്കുകയും ചെയ്തു. കഴിഞ്ഞ ഏപ്രിലിലാണ് രജനിയും സച്ചിനും വിവാഹിതരായത്. അഞ്ച് ലക്ഷം രൂപ കൂടി സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃ കുടുംബം രജനിയെ നിരന്തരമായി ഉപദ്രവിക്കുമായിരുന്നു. സച്ചിന്റെ സഹോദരങ്ങളായ പ്രാൻഷു, സഹബാഗ് ബന്ധുക്കളായ രാം നാഥ്, ദിവ്യ, ടിന എന്നിവരാണ് മറ്റ് പ്രതികളാണ്. രജനിയുടെ അമ്മ സുനിത ദേവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഗർഭിണിക്ക്
ചികിത്സ നിഷേധിച്ചു
ഉത്തർപ്രദേശിൽ ഗർഭിണിക്ക് മതത്തിന്റെ പേരിൽ ചികിത്സ നിഷേധിച്ചതായി പരാതി. ജാവുൻപുരിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം.
ഷാമ പർവീൺ എന്ന യുവതിക്കാണ് ദുരവസ്ഥ നേരടേണ്ടിവന്നത്. യുവതി സംഭവം വിശദീകരിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചു. ഒക്ടോബർ രണ്ടിന് രാവിലെ ഒമ്പതുമണയോടെ പ്രസവത്തിനായാണ് ഷാമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ യുവതിയെ പരശോധിക്കാൻ എത്തിയില്ല. ചോദിച്ചപ്പോൾ താൻ ചില മതത്തിൽപ്പെട്ടവരെ ചികിത്സിക്കാറില്ലെന്നായിരുന്നു മറുപടിയെന്ന് യുവതി ആരോപിക്കുന്നു. രണ്ട് സ്ത്രീകളെ പരശോധിക്കാൻ ഡോക്ടർ തയാറായില്ല. പൊലീസിന്റെ ഭാഗത്ത്നിന്ന് നടപടിയൊന്നുമുണ്ടായില്ലെന്നും പരാതിയിൽ പറയുന്നു.