ബീഹാർ: നവം. 22ന് മുമ്പ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കും
ന്യൂഡൽഹി: ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 22ന് മുമ്പ് പൂർത്തിയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം പാട്നയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ മടങ്ങിയെത്തിയ ശേഷം ഇയാഴ്‌ച തീയതി പ്രഖ്യാപിച്ചേക്കും. നിലവിലെ നിയമസഭയുടെ കാലാവധി നവംബർ 22വരെയാണ്. കഴിഞ്ഞ തവണ മൂന്നു ഘട്ടമായിട്ടായിരുന്നു വോട്ടെടുപ്പ്. ഇക്കുറി രണ്ടുഘട്ടമാക്കുമെന്നും കേൾക്കുന്നു.
ബീഹാറിൽ 2025 ജൂൺ 24 ന് ആരംഭിച്ച വോട്ടർ പട്ടിക പരിഷ്‌കരണം അഥവാ സിസ്റ്റമാറ്റിക് ഐഡന്റിഫിക്കേഷൻ ആന്റ് റിവിഷൻ (എസ്.ഐ.ആർ) വിജയകരമായി പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. അയോഗ്യരായവരെ പട്ടികയിൽ നിന്നും പുറത്താക്കി. ആധാർ പൗരത്വ രേഖയല്ലെന്നും അതുപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ചാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറി. രാജ്യത്തെ 7,000ത്തിലധികം ബി.എൽ.ഒമാർക്കും ബി.എൽ.ഒ സൂപ്പർവൈസർമാർക്കും ന്യൂഡൽഹി ഐ.ഐ.ഐ.ഡി.ഇ.എമ്മിൽ പരിശീലനം നൽകി. പൊലീസ് ഓഫീസർമാർക്കും ആദ്യമായി ഡൽഹിയിൽ പരിശീലനം നൽകിയെന്ന് ഗ്യാനേഷ് കുമാർ അറിയിച്ചു.