മഴയിൽ മുങ്ങി ബംഗാൾ: 18 മരണം

Monday 06 October 2025 1:03 AM IST

കൊൽക്കത്ത: രണ്ട് ദിവസമായി ശക്തമായ മഴ തുടരുന്ന പശ്ചിമ ബംഗാളിൽ മണ്ണിടിച്ചിലിൽ 18 പേർ മരിച്ചു. ഡാർജിലിംഗ്, കലിംപോംഗ് ജില്ലകളിലായാണ് മരണമുണ്ടായത്. നിരവധി പേരെ കാണാതായി. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ദുരിതബാധിതർക്ക് സാദ്ധ്യമായ എല്ലാ സഹായവും നൽകുമെന്നും മോദി വ്യക്തമാക്കി. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. കൂടുതൽ നാശനഷ്ടമുണ്ടായ മിരിക് ലേക് മേഖലയിൽ ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം ആരംഭിച്ചു. വിവിധയിടങ്ങളിലായി നിരവധി വിനോദ സഞ്ചാരികളുൾപ്പെടെ കുടുങ്ങിക്കിടക്കുകയാണ്. നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.