പഹൽഗാം ഭീകരരെ നാലു തവണ കണ്ടെന്ന് പിടിയിലായ ആൾ

Monday 06 October 2025 1:10 AM IST

ന്യൂഡൽഹി: ഏപ്രിൽ 22-ന് പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ മൂന്ന് ഭീകരരുമായുള്ള അടുപ്പം വെളിപ്പെടുത്തി അറസ്റ്റിലായ മുഹമ്മദ് യൂസഫ് കതാരി (26). ജൂലായിൽ സുരക്ഷാ സേന ഒാപ്പറേഷൻ മഹാദേവിൽ വധിച്ച സുലൈമാൻ എന്ന ആസിഫ്, ജിബ്രാൻ, ഹംസ അഫ്ഗാനി എന്നീ ഭീകരരെ നാലു തവണ കണ്ടുവെന്നും അവർക്ക് വഴികാട്ടിയായെന്നും മൊബൈൽ ഫോൺ ചാർജ്ജർ അടക്കം നൽകി സഹായിച്ചെന്നും കതാരി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഭീകരർ ഉപയോഗിച്ച ചാർജ്ജർ ആണ് കതാരിയുടെ അറസ്റ്റിലേക്ക് നയിച്ചത്.

ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലക്കാരനായ കതാരി, ശ്രീനഗറിന് പുറത്തുള്ള സബർവാൻ കുന്നുകളിൽ വച്ച് ഭീകരരയെ കണ്ടെന്നാണ് മൊഴി നൽകിയത്. ദുഷ്‌കരമായ കുന്നുകൾക്കിടയിലൂടെ ഭീകരർക്ക് അയാൾ വഴികാട്ടിയായി. ജൂലായിൽ ഓപ്പറേഷൻ മഹാദേവിൽ വധിച്ച ശേഷം ഭീകരരുടെ ഒളിത്താവളത്തിൽ നിന്ന് കതാരിയുടെ ചാർജ്ജർ കണ്ടെടുത്തിരുന്നു.