പ്രേതഭൂമിയായി ഗാസ

Monday 06 October 2025 6:43 AM IST

ടെൽ അവീവ്: ജീവിതം അവർക്ക് ചുണ്ട് നനയ്ക്കാനുള്ള വെള്ളത്തിനും ഒരു കഷണം അപ്പത്തിനും വേണ്ടിയുള്ള പോരാട്ടമായി ചുരുങ്ങി. രണ്ട് വർഷം മുമ്പ്, ഏകദേശം 23 ലക്ഷം ജനങ്ങൾ ജീവിച്ചിരുന്ന ഒരു നാട് ഇന്ന് പ്രേതാലയമാണ്; ഗാസ. കെട്ടിടങ്ങൾ നിലംപരിശായി. എല്ലാവരും പട്ടിണിയിൽ. ഓരോ നിമിഷവും മരിച്ചുവീഴുന്ന കുഞ്ഞുങ്ങൾ. ഉറ്രവർ നഷ്ടപ്പെട്ട ആയിരങ്ങൾ. കര, വ്യോമാക്രമണങ്ങൾ രൂക്ഷം. ഇതിനിടയിൽ, എത്രയും വേഗം സുരക്ഷിതമായി മാറാൻ പറഞ്ഞാൽ ജനം എങ്ങോട്ട് പോകാനാണ്. അക്ഷരാർത്ഥത്തിൽ ശവപ്പറമ്പ്.!

2023 ഒക്ടോബർ 7ന് തുടങ്ങിയ യുദ്ധത്തിന് നാളെ രണ്ട് വർഷം തികയുമ്പോൾ, ഗാസ തക‌ർന്നടിഞ്ഞ ഒരു കൂന മാത്രമാണ്. ജീവിതത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും മുഴുവൻ ജനതയുടെയും ഭാവിക്കും നേരെയുള്ള ആസൂത്രിതമായ ആക്രമണമായി സംഘർഷം പരിണമിച്ചു. പാലസ്തീനികളെ തുടച്ചുനീക്കാൻ ഇസ്രയേൽ കണ്ടെത്തിയ മറ്റൊരു മാർഗ്ഗം പട്ടിണിയാണ്.

ആളുകളെ ഇഞ്ചിഞ്ചായി കൊല്ലുന്നു. നൂറുകണക്കിന് സഹായ ട്രക്കുകൾ ഗാസയുടെ അതിർത്തിയിൽ ഇപ്പോഴും കാത്തുകിടക്കുന്നു. ഇസ്രയേൽ അവരുടെ പ്രവേശനം തടയുകയോ കർശനമായി നിയന്ത്രിക്കുകയോ ചെയ്തു. ഇതിനിടെ, രോഗം പടർന്നുപിടിക്കുന്നു. തിങ്ങിനിറഞ്ഞ ഷെൽട്ടറുകൾ. വെള്ളം, ഭക്ഷണം, മരുന്ന്... ഒന്നുമില്ല.

 ആരോഗ്യ സംവിധാനം

ഗാസയിലെ ആരോഗ്യ സംവിധാനം പൂർണമായും തകർന്നു. 36ൽ 34 ആശുപത്രികളും പൂർണമായോ ഭാഗികമായോ നശിച്ചു. ആശുപത്രികൾ, ക്ലിനിക്കുകൾ, മെഡിക്കൽ സ്റ്റാഫ്, ആംബുലൻസുകൾ എന്നിവയ്ക്ക് നേരെ 400ലധികം ആക്രമണങ്ങൾ ഇസ്രയേൽ നടത്തി. പ്രാഥമിക ചികിത്സ പോലും നൽകാനാവാതെ ചുരുക്കം ചില ആരോഗ്യ കേന്ദ്രങ്ങൾ ഇന്ന് പ്രവർത്തിക്കുന്നു.

 നിർബന്ധിത കുടിയിറക്കൽ

ഗാസയിലെ ജനസംഖ്യയുടെ 80 ശതമാനത്തിലധികം പേരെ കുടിയിറക്കി. നിലവിൽ ഗാസയുടെ 80 % ഇസ്രയേൽ നിയന്ത്രണത്തിലാണ്. കരയാക്രമണം മൂലം ഗാസ സിറ്റിയിൽ നിന്ന് തെക്കൻ ഗാസയിലേക്ക് സെപ്തംബർ ആദ്യം മുതൽ പലായനം ചെയ്തത് 3,50,000 പേരാണ്. വടക്കൻ ഗാസയിലെ 70ലധികം ഷെൽട്ടറുകൾ അടച്ചുപൂട്ടിയതോടെ പതിനായിരങ്ങൾ തെരുവിലായി.

 തലമുറകളെ ബാധിക്കുന്ന ദുരന്തം

പാരിസ്ഥിതിക ദുരന്തത്തെയും ഗാസ അഭിമുഖീകരിക്കുന്നു. നാശനഷ്ടങ്ങൾ പരിഹരിക്കാൻ പതിറ്റാണ്ടുകൾ എടുത്തേക്കാം. ശുദ്ധജലമില്ല. 97 ശതമാനം വൃക്ഷങ്ങളും ഇല്ലാതായി. പ്രാദേശിക ഭക്ഷ്യോത്പാദനം അസാധ്യം. അടിസ്ഥാന സൗകര്യങ്ങൾ നശിച്ചു. 78 ശതമാനം കെട്ടിടങ്ങളും തകർന്നു. ഇതിലൂടെ 61 ദശലക്ഷം ടൺ അവശിഷ്ടങ്ങളുണ്ടായി. വായുവും ജലവും മണ്ണും മലിനം.

 തകർന്ന വിദ്യാഭ്യാസം

വിദ്യാഭ്യാസ മേഖല തകർന്നു. 179ലധികം പൊതുവിദ്യാലയങ്ങൾ ഇല്ലാതായി. 60ലധികം സർവകലാശാല കെട്ടിടങ്ങൾ നിലംപൊത്തി. 6,​30,000ത്തിലധികം കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടപ്പെട്ടു. ഇതിനിടെ, 27,000 വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ മന്ത്രാലയം ഓൺലൈൻ ബിരുദ പരീക്ഷകൾ സംഘടിപ്പിച്ചു.

 വിശപ്പിന്റെ വിളി

കൊടും പട്ടിണിയിലാണ് ഗാസ. ഐക്യരാഷ്ട്ര സംഘടനയുടെ (യു.എൻ) പിന്തുണയുള്ള ഭക്ഷ്യസുരക്ഷാ സംവിധാനമായ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐ.പി.സി) ആഗസ്റ്റിലാണ് ഗാസ സിറ്റി പൂർണമായും ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലാണെന്ന് പ്രഖ്യാപിച്ചത്. 154 കുട്ടികളടക്കം 459 പേർ പട്ടിണി മൂലം മരിച്ചെന്നാണ് ഹമാസിന്റെ കണക്ക്.

----------

യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഫലം കാണുമോ എന്ന് ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു.

ഗാസയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം, യാഥാർത്ഥ്യം നയതന്ത്രമല്ല, നിരാശയുടേതാണ്. ഇനിയെത്ര തലമുറകളോളം ഈ ആഘാതം നിലനിൽക്കും. സാമൂഹിക,​ സാംസ്കാരിക,​ പാരിസ്ഥിതിക ആഘാതം അത്ര എളുപ്പം നികത്താനാകുമോ...