ഹമാസിന്റെ തലപ്പത്ത് ഇപ്പോൾ ആര് ?
ടെൽ അവീവ്: ഹമാസിനെ നിയന്ത്രിച്ചിരുന്ന ഉന്നത നേതാക്കളായ ഇസ്മയിൽ ഹനിയേ, യഹ്യാ സിൻവാർ, മുഹമ്മദ് ദെയ്ഫ്, മർവാൻ ഈസ, മുഹമ്മദ് സിൻവാർ തുടങ്ങിയവരെയെല്ലാം ഇസ്രയേൽ വധിച്ചു. എങ്കിൽ ആരാണ് ഇപ്പോൾ ഹമാസിന്റെ തലവൻ ?
ഇസ് അൽ-ദിൻ അൽ-ഹദദ് (അബു സുഹൈബ്) ആണ് നിലവിൽ ഗാസയുടെ ചുമതലയുള്ള ഹമാസ് നേതാവ്. ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖാസം ബ്രിഗേഡിന്റെ കമാൻഡറാണ് ഇയാൾ. ആറ് തവണയെങ്കിലും ഇയാൾ ഇസ്രയേലിന്റെ വധശ്രമത്തെ അതിജീവിച്ചിട്ടുണ്ട്. ഇയാളെ പറ്റി വളരെ പരിമിതമായ അറിവേ പുറംലോകത്തിനുള്ളൂ.
അതേ സമയം, വെടിനിറുത്തൽ കരാർ അടക്കം ഹമാസിന്റെ നയങ്ങൾ തീരുമാനിക്കുന്നത് പൊളിറ്റിക്കൽ ബ്യൂറോ ആണ്. മുൻ മേധാവി യഹ്യാ സിൻവാർ കൊല്ലപ്പെട്ട ശേഷം ഹമാസിന്റെ സ്ഥിരം മേധാവിയെ (പൊളിറ്റിക്കൽ ബ്യൂറോ ചെയർമാൻ) തിരഞ്ഞെടുത്തിട്ടില്ല. ഖാലിൽ അൽ ഹയ്യ, ഖലീദ് മഷാൽ, സാഹർ ജബാരിൻ, മുഹമ്മദ് ഇസ്‌മയിൽ ദാർവിഷ് എന്നിവർ ഹമാസിന്റെ ആക്ടിംഗ് മേധാവിമാരായി പ്രവർത്തിക്കുന്നു.
ഇസ്രയേലിന്റെ വധഭീഷണി ഭയന്ന് ഇവർ നിലവിൽ ഖത്തറിലാണ്. ഖാലിൽ അൽ ഹയ്യ ആണ് ഇന്ന് ഈജിപ്റ്റിലെ ചർച്ചയിൽ ഹമാസ് സംഘത്തെ നയിക്കുന്നത്. ഹയ്യ ഇസ്രയേലിന്റെ ഹിറ്റ് ലിസ്റ്റിലെ പ്രധാനിയാണ്. ഇയാളെ ലക്ഷ്യമിട്ടാണ് കഴിഞ്ഞ മാസം ഖത്തറിലെ ഹമാസ് ആസ്ഥാനത്ത് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. എന്നാൽ ഹയ്യയുടെ മകൻ ഹിമാം ഉൾപ്പെടെ 5 ഹമാസ് അംഗങ്ങളും ഖത്തർ സുരക്ഷാ സേനാംഗവുമാണ് കൊല്ലപ്പെട്ടത്.
ഹമാസ് മുൻ മേധാവിയായ ഖലീദ് മഷാലും ഇസ്രയേലിന്റെ നോട്ടപ്പുള്ളിയാണ്. 1996 - 2017 കാലയളവിൽ ഹമാസ് മേധാവിയായിരുന്ന മഷാൽ 1997ൽ ജോർദ്ദാനിൽ വച്ചുണ്ടായ ഇസ്രയേൽ വധശ്രമത്തെ അതിജീവിച്ചിരുന്നു.