ജയ്‌പൂരിൽ ആശുപത്രി ഐസിയുവിൽ വൻ തീപിടിത്തം, ഏഴുപേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ നാല് പുരുഷന്മാരും രണ്ട് സ്‌ത്രീകളും
ജയ്‌പൂർ: ആശുപത്രിയിൽ ഐസിയു വാർഡിലുണ്ടായ തീപിടിത്തത്തിൽ ഏഴുപേർ മരിച്ചു. രാജസ്ഥാനിലെ ജയ്‌പൂരിലെ സവായ് മാൻസിംഗ് ആശുപത്രിയിൽ ഞായറാഴ്‌ച രാത്രി 11.20ഓടെയായിരുന്നു സംഭവം. രണ്ട് ഐസിയുകളാണ് ആശുപത്രിയുടെ രണ്ടാംനിലയിൽ പ്രവർത്തിച്ചിരുന്നത്. ട്രോമ ഐസിയുവും സെമി ഐസിയുവും. ഇതിൽ അതീവ ഗുരുതര നിലയിലുള്ള രോഗികളുള്ള ട്രോമ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ 11 രോഗികളാണ് ആകെ ഉണ്ടായിരുന്നത്. ഇവരിൽ മിക്കവരും ഗുരുതര നിലയിലായിരുന്നു. മരിച്ചവരിൽ നാല് പുരുഷന്മാരും രണ്ട് സ്‌ത്രീകളുമുണ്ട്. അപകടമുണ്ടായപ്പോൾ രോഗികളെ കട്ടിലോടെ അടുത്തുള്ള റോഡിലേക്ക് അധികൃതർ മാറ്റി.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് ട്രോമ സെന്ററിന്റെ ചുമതല വഹിക്കുന്ന ഡോ.അനുരാഗ് ധാക്കഡ് പറഞ്ഞു. തീപിടിച്ചതിനെ തുടർന്ന് കടുത്ത വിഷവാതകങ്ങൾ ഉണ്ടാകുകയും അത് ശ്വസിച്ച രോഗികൾ മരിക്കുകയുമായിരുന്നു. പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടായ ഉടൻ നഴ്‌സിംഗ് ഓഫീസർമാരും വാർഡ് ബോയ്‌മാരും ചേർന്ന് രോഗികളെ പുറത്തെത്തിച്ചു. ഇതിൽ ആറുപേർക്ക് സിപിആർ നൽകിയിട്ടും ജീവൻ രക്ഷിക്കാനായില്ല. അതേസമയം സെമി ഐസിയുവിൽ 13 രോഗികളുണ്ട്. ഇവർക്കാർക്കും ജീവാപായം സംഭവിച്ചില്ല എന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.