സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിനുനേരെ അതിക്രമം; കോടതിമുറിക്കുളളിൽ ഷൂ എറിയാൻ അഭിഭാഷകന്റെ ശ്രമം

Monday 06 October 2025 12:53 PM IST

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്​റ്റിസ് ബി ആർ ഗവായ്ക്കുനേരെ കോടതി മുറിക്കുളളിൽ അതിക്രമം. ജസ്​റ്റിസിനുനേരെ അഭിഭാഷകൻ ഷൂ എറിയാൻ ശ്രമം നടത്തിയെന്നാണ് സുപ്രീംകോടതി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ന് രാവിലെ കേസുകൾ പരാമർശിക്കുന്നതിനിടയിലാണ് സംഭവമുണ്ടായത്. കോടതിമുറിക്കുളളിലേക്ക് അഭിഭാഷകൻ എത്തുകയും സനാതന ധർമ്മത്തിനെതിരെ ചീഫ് ജസ്​റ്റിസ് പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് ആരോപിക്കുകയായിരുന്നു.

സുപ്രീംകോടതിയിലെ സുരക്ഷാ വിഭാഗം ജീവനക്കാർ അഭിഭാഷകനെ കോടതിമുറിയിൽ നിന്ന് മാ​റ്റിയതോടെ സംഘർഷം അവസാനിച്ചു. ഇക്കാര്യങ്ങളൊന്നും തന്നെ ബാധിക്കില്ലെന്ന് ചീഫ് ജസ്​റ്റിസ് ബി ആർ ഗവായ് വ്യക്തമാക്കി. ഖജുരാഹോയിൽ ഏഴടി ഉയരമുളള വിഷ്ണുവിന്റെ തലയറുത്ത വിഗ്രഹം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഒരു കേസിൽ ഗവായ് നടത്തിയ പരാമർശങ്ങളാണ് സംഭവത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു. അന്ന് ഗവായ് നടത്തിയ ചില പരാമർശങ്ങൾ വലിയ പ്രതിഷേധത്തിനിടയായിരുന്നു.