കല്യാണത്തിന് വിരുന്നെത്തി കാള,​ ചിതറിയോടി വധൂവരന്മാരും അതിഥികളും; വീഡിയോ

Monday 06 October 2025 2:42 PM IST

ന്യൂഡൽഹി: സാധാരണഗതിയിൽ വിവാഹവേദികൾ സന്തോഷവും ചിരിയും നിറഞ്ഞ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഏറ്റവും നല്ല വേഷമിട്ട് ഒത്തുചേരുന്ന സുന്ദരമായ ചടങ്ങാണ് വിവാഹം. എന്നാൽ ക്ഷണിക്കാത്ത ഒരു അതിഥി വന്ന് എല്ലാം അലങ്കോലമാക്കിയാലോ? അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.

വിവാഹ മണ്ഡപത്തിൽ കല്യാണ പെണ്ണിനും ചെക്കനും ഒപ്പം അതിഥികൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് ഇതിനിടയിലേക്ക് എല്ലാവരെയും അമ്പരപ്പിച്ച്കൊണ്ട് പെട്ടെന്നൊരു കാള പാഞ്ഞെത്തിയത്. നിമിഷങ്ങൾക്കുള്ളിൽ പന്തൽ ആകെ അലങ്കോലമായി. കാളയെക്കണ്ട് അതിഥികൾ ചിതറിയോടി. വധൂവരന്മാർ ഉൾപ്പടെയുള്ളവർ അടുത്തുള്ളവരെ രക്ഷിക്കാൻ ഒതുങ്ങുന്നതും, ഓടുന്നതും വൈറലായ വീഡിയോയിൽ കാണാം. ശാന്തമായി നടക്കേണ്ട ചടങ്ങ് സെക്കൻഡുകൾ കൊണ്ടാണ് കരച്ചിലും ബഹളവും നിറഞ്ഞ പോർക്കളമായി മാറിയത്. സഹോദരാ, എവിടെയാണ് ഭക്ഷണം വിളമ്പുന്നതെന്ന് കാള ചോദിക്കുന്ന രീതിയിലുള്ള അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇതാദ്യമായല്ല ഉത്തരേന്ത്യയിലെ കല്യാണ ചടങ്ങുകളിൽ കാളകൾ പ്രശനങ്ങളുണ്ടാക്കുന്നത്. 2022ലെ ഒരു വിവാഹചടങ്ങിലും പന്തലിൽ കയറി കാള നാശനഷ്ടമുണ്ടാക്കിയിരുന്നു. ആളുകൾ തിങ്ങിനിറഞ്ഞ പന്തലിലേക്കാണ് അന്ന് കാള പാഞ്ഞെത്തിയത്. ഭയന്നുപോയ അതിഥികൾ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. ഒരാൾ കൈ വീശി കാളയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും, കാള തിരിഞ്ഞയാളെ ആക്രമിച്ചു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ അയാൾ നിലത്തുവീണ് സ്വയം പ്രതിരോധിക്കുന്നതും മുൻപ് പുറത്തുവന്ന വീഡിയോയിലുണ്ടായിരുന്നു.