രാജ്യത്തിന്റെ പ്രസിഡന്റ് പോലും അനുഗ്രഹം തേടിയെത്തുമെങ്കിലും "കുമാരി"യുടെ ജീവിതം സുഖകരമല്ല, ചിരിക്കാൻ പാടില്ല; വിവാഹിതയായാൽ ഭർത്താവ് മരിക്കും
ദിവസങ്ങൾക്ക് മുമ്പാണ് നേപ്പാളിൽ പുതിയ 'കുമാരിയെ' തിരഞ്ഞെടുത്തത്. പഴയ കുമാരിക്ക് ആർത്തവം ഉണ്ടായതോടെയാണ് പുതിയ ആളെ തിരഞ്ഞെടുത്തത്. വെറും രണ്ട് വയസും എട്ട് മാസവും പ്രായമുള്ള ആര്യതാര ശാക്യയാണ് നേപ്പാളിലെ പുതിയ 'ജീവിച്ചിരിക്കുന്ന ദേവത' അല്ലെങ്കിൽ കുമാരി. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരമാണിത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആര്യതാരയെ കാഠ്മണ്ഡുവിലെ വീട്ടിൽ നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള കുമാരി ഘറിലേക്ക് (ക്ഷേത്ര കൊട്ടാരം) കുടുംബം ചുമന്നു കൊണ്ടുപോയത്.
കുമാരിയെ ഒരുനോക്കുകാണാനായി ആളുകൾ തടിച്ചുകൂടിയിരുന്നു. കുമാരിയെ കാണുന്നത് പുണ്യമാണ്. ചിലർ നെറ്റികൊണ്ടു കുമാരിയുടെ കാലിൽ തൊട്ടു. നേപ്പാളിലെ ഏറ്റവും ഉയർന്ന ആദരവാണിത്. ഹിന്ദുക്കളും ബുദ്ധമതക്കാരും കുമാരിയെ ആരാധിക്കുന്നു.
തിരഞ്ഞെടുപ്പ്
രണ്ട് വയസുള്ള കുട്ടികൾ പട്ടം പറത്തുകയോ മധുരപലഹാരങ്ങൾ നുകരുകയോ ചെയ്യുമ്പോൾ ആര്യതാരയെ ഒരു ദേവതയായി സിംഹാസനത്തിലിരുത്തുകയാണ്. കുമാരിയെ തിരഞ്ഞെടുക്കാനായി നിരവധി മാനദണ്ഡങ്ങളുണ്ട്. രണ്ട് വയസിന് മുകളിലും നാല് വയസിൽ താഴെയുള്ള കുട്ടിയായിരിക്കണം കുമാരി.നേപ്പാളിലെ നേവാരി സമുദായത്തിലെ ഷാക്യകുലത്തിൽപ്പെട്ടയാളായിരിക്കണം. ഇരുട്ടിനെ പേടിക്കരുത്. ഇരുട്ടിനെ മാത്രമല്ല രക്തം കണ്ടാലോ മുഖംമൂടിയിട്ടയാളുകളെ കണ്ടാലോ ഭയക്കരുത്. പല പരീക്ഷണങ്ങളുമുണ്ടാകും. ഈ വേളയിൽ പേടിച്ചാൽ കുമാരിയാകാൻ അർഹതയുണ്ടാകില്ല.
പാടുകളൊ മുറിവുകളോ ഇല്ലാത്ത ചർമം, പല്ലുകൾ ഉണ്ടായിരിക്കണം, ആൽമരം പോലത്തെ ശരീരം, സിംഹത്തിന്റെ പോലത്തെ നെഞ്ച്, ശംഖുപോലുള്ള കഴുത്ത്, പശുവിന്റേതുപോലത്തെ കൺപീലികൾ എന്നിങ്ങനെ പോകുന്നു മാനദണ്ഡങ്ങൾ.
കുമാരിയുടെ ജീവിതം
രാജ്യത്തിന്റെ പ്രസിഡന്റ് അടക്കമുള്ള ഭക്തരെ കുമാരി അനുഗ്രഹിക്കുമെങ്കിലും അത്ര സുഖകരമല്ല കുമാരിയുടെ ജീവിതം. കുമാരി എപ്പോഴും കടും ചുവപ്പുനിറത്തിലുള്ള വസ്ത്രമാണ് ധരിക്കുക. നെറ്റിയിൽ മൂന്നാം കണ്ണ് വരയ്ക്കും. പാദം നിലത്തുവയ്ക്കാൻ കഴിയില്ല. ഒന്നുകിൽ രഥത്തിൽ അല്ലെങ്കിൽ എടുത്തുകൊണ്ടായിരിക്കും പോകുക. കളിച്ചുനടക്കേണ്ട പ്രായമാണെങ്കിലും മറ്റ് കുട്ടികൾക്കൊപ്പം കളിക്കാനൊന്നും അനുവാദമുണ്ടാകില്ല. മാത്രമല്ല മാതാപിതാക്കൾക്കൊപ്പം ജീവിക്കാനും കഴിയില്ല. വല്ലപ്പോഴും മാതാപിതാക്കൾക്ക് കുമാരിയെ സന്ദർശിക്കാമെന്ന് മാത്രം. മത്സ്യമോ മാംസമോ കഴിക്കാനാകില്ല. ഉത്സവം പോലുള്ള ചടങ്ങുകൾ വരുമ്പോൾ മാത്രമേ ക്ഷേത്രത്തിലെ കൊട്ടാരത്തിൽ പുറത്തിറങ്ങാൻ സാധിക്കുകയുള്ളു.
കുമാരിമാർക്ക് വികാരങ്ങൾ പ്രകടിപ്പിക്കാൻ പോലും കഴിയില്ല. കുമാരിയുടെ ചിരിയെ ഇവിടത്തുകാർക്ക് ഭയമാണ്. ആരെയെങ്കിലും നോക്കി കുമാരി ചിരിച്ചാൽ അധികം വൈകാതെ അയാൾ മരണപ്പെടുമെന്നാണ് വിശ്വാസം. മാത്രമല്ല ഭക്ഷണം കഴിച്ച് മതിയാകാതെ വീണ്ടും ചോദിക്കുന്നത് സാമ്പത്തിക വെല്ലുവിളികൾ ഉണ്ടാകാൻ പോകുന്നതിന്റെ സൂചനയാണത്രേ. വിദ്യാഭ്യാസം നേടാനും വളരെ കുറച്ച് സമയം ടിവി കാണാനും അനുവാദമുണ്ട്. എന്നാൽ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഒറ്റപ്പെടലാണ് കുമാരി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
കുമാരിയിൽ നിന്ന് സാധാരണ ജീവിതത്തിലേക്ക്
ആർത്തവമുണ്ടാകുന്നതോടെയാണ് ഇവർ ദേവതകളല്ലാതായി മാറുന്നത്. കൊട്ടാരത്തിന്റെ പിൻവാതിലിലൂടെ പഴയ കുമാരിയെ വീട്ടിലേക്ക് കൊണ്ടുപോകുകയും മുൻവാതിലിലൂടെ പുതിയ കുമാരിയെ വരവേൽക്കുകയുമാണ് ചെയ്യുന്നത്. പുറത്തെത്തുന്ന പെൺകുട്ടി പതിയെ പിച്ചവച്ച് തുടങ്ങണം. സമൂഹവുമായി പൊരുത്തപ്പെട്ട് തുടങ്ങണം, സൗഹൃദങ്ങൾ ഉണ്ടാക്കിയെടുക്കണം. വർഷങ്ങളോളം ഒറ്റപ്പെട്ട് കഴിഞ്ഞൊരാൾക്ക് അത്ര എളുപ്പത്തിൽ സാധാരണ ജീവിതം സാദ്ധ്യമാകില്ല. മുൻ കുമാരിയെ വിവാഹം കഴിക്കുന്ന പുരുഷന്മാർ ചെറുപ്പത്തിൽ തന്നെ മരിക്കുമെന്ന് നേപ്പാളിലെ നാടോടിക്കഥകൾ സൂചിപ്പിക്കുന്നു. അതിനാൽത്തന്നെ പലരും വിവാഹം കഴിക്കാറില്ലെന്നും പറയപ്പെടുന്നു. മുൻ കുമാരിമാർക്ക് ഇപ്പോൾ ഏകദേശം പതിനായിരം രൂപയോളം പ്രതിമാസ പെൻഷൻ ലഭിക്കുന്നു.