"ഞാൻ ഫെമിനിച്ചിയാണ്; പുറത്താക്കാമെന്ന് വിചാരിക്കണ്ട, തെങ്ങ് കയറിയിട്ടാണെങ്കിലും ജീവിക്കും"

Monday 06 October 2025 3:59 PM IST

താൻ ഫെമിനിച്ചിയാണെന്ന് നടി റിമ കല്ലിങ്കൽ. നല്ല രീതിയിലാണ് ഫെമിനിസ്റ്റ് എന്ന് പറയുന്നത്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ എല്ലാം എക്സ്‌പ്ലോർ ചെയ്യാൻ താത്പര്യമുണ്ടെന്നും സൈക്കോ വേഷങ്ങളും കോമഡിയുമൊക്കെ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അവർ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റിമ.

'അക്ടിവിസ്റ്റ് മാത്രമാണ് നമ്മളെന്ന് ആളുകൾ തെറ്റിദ്ധരിക്കുകയാണ്. അങ്ങനെ ഒരാളുണ്ടാകില്ലല്ലോ. നമ്മൾക്കെല്ലാം മറ്റൊരു സൈഡ് ഉണ്ടാകുമല്ലോ. ഞാൻ സെലിബ്രേറ്റ് ചെയ്യുന്ന, ഹാപ്പിയായിരിക്കുന്ന, പീസ്ഫുള്ളായിരിക്കുന്ന സമയമുണ്ടല്ലോ. ഞാൻ ഫെമിനിച്ചിയാണ്. നല്ല ഭാഗത്തിന്റെ ഭാഗമാണത്.'- റിമ പറഞ്ഞു.

സജിൻ ബാബു സംവിധാനം ചെയ്യുന്ന 'തിയേറ്റർ ദ് മിത്ത് ഒഫ് റിയാലിറ്റി എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഈ മാസം പതിനാറിന് പുറത്തിറങ്ങുന്ന ചിത്രത്തിൽ റിമ കല്ലിങ്കലാണ് മുഖ്യവേഷത്തിലെത്തുന്നത്. ഈ സിനിമയ്‌ക്ക് വേണ്ടി താൻ എന്തൊക്കെ പഠിച്ചെന്നും റിമ അഭിമുഖത്തിൽ വെളിപ്പെടുത്തി. 'നിദ്ര‌‌യിൽ വള്ളം തുഴയാൻ പഠിച്ചിരുന്നു. തെങ്ങ് കയറാൻ പഠിച്ചു. അത്യാവശ്യം നല്ല മരം കേറിയാണ്. തെങ്ങിന്റെ മുകളിൽ ഇതുവരെ കയറിയിട്ടുണ്ടായിരുന്നില്ല. അതിന് ഈ സിനിമയ്ക്ക് വേണ്ടി പഠിച്ചു. അതുകൊണ്ട് എന്നെ പുറത്താക്കാമെന്ന് വിചാരിക്കണ്ട. തെങ്ങ് കയറിയിട്ടാണെങ്കിലും ജീവിക്കും. ഒറ്റവെട്ടിന് വാഴ വെട്ടാൻ പഠിച്ചു. പ്ലാവിൽ കയറുന്നു.'- റിമ കല്ലിങ്കൽ പറഞ്ഞു.