ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിൽ; നവംബർ 6നും 11നും വോട്ടെടുപ്പ്
ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. ആദ്യ ഘട്ടം നവംബർ ആറിനും രണ്ടാം ഘട്ടം നവംബർ 11നും നടക്കും. വോട്ടെണ്ണൽ നവംബർ 14ന് നടക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
ബീഹാറിൽ ആകെ 7.43 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 3.92 കോടി പുരുഷൻമാരും. 3.5 കോടി സ്ത്രീകളും14 ലക്ഷം പുതിയ വോട്ടർമാരുമാണ്. 90,712 പോളിംഗ് സ്റ്റേഷനുകളിൽ വോട്ടെടുപ്പ് നടക്കും. ഇതിൽ 1044 എണ്ണം സ്ത്രീകൾ കൈകാര്യം ചെയ്യുന്ന പോളിംഗ് സ്റ്റേഷനുകളായിരിക്കും. എല്ലായിടത്തും വെബ്കാസ്റ്റ് ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 243 അംഗ സംസ്ഥാന നിയമസഭയുടെ കാലാവധി നവംബർ 22 ന് അവസാനിക്കും. കഴിഞ്ഞ തവണ മൂന്നു ഘട്ടമായിട്ടായിരുന്നു വോട്ടെടുപ്പ്. ബീഹാറിൽ 2025 ജൂൺ 24 ന് ആരംഭിച്ച വോട്ടർ പട്ടിക പരിഷ്‌കരണം അഥവാ സിസ്റ്റമാറ്റിക് ഐഡന്റിഫിക്കേഷൻ ആന്റ് റിവിഷൻ (എസ്.ഐ.ആർ) വിജയകരമായി പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മിഷണർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അയോഗ്യരായവരെ പട്ടികയിൽ നിന്നും പുറത്താക്കി. ആധാർ പൗരത്വ രേഖയല്ലെന്നും അതുപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ചാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.