കാനഡയിൽ ബിഷ്ണോയി സംഘത്തിന്റെ വെടിവയ്പ്പ്; ആക്രമണം ഭീകരപട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ

Monday 06 October 2025 5:18 PM IST

ഒട്ടാവ: കാനഡയിൽ ബിഷ്ണോയി സംഘത്തിന്റെ ആക്രമണം. കാനഡയിലെ സർക്കാർ ഭീകരസംഘടനയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം നടന്നത്. സംഘാംഗമായ ഒരാൾ സമൂഹമാദ്ധ്യമങ്ങളിലൂടെ വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ആക്രമണത്തിന്റെ കാരണം വ്യക്തമാക്കുകയും ചെയ്തു. ബിഷ്ണോയി സംഘാംഗമായ ഫത്തേ പോർച്ചുഗലാണ് വെടിവയ്പ്പിെന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

നവി തേസി എന്നയാൾ ലോറൻസ് ബിഷ്ണോയിയുടെ പേര് ഉപയോഗിച്ച് ആളുകളിൽ നിന്ന് പണം തട്ടിയതാണ് ആക്രമണത്തിന് കാരണമെന്ന് ഇയാൾ പറയുന്നു. ഗായകരിൽ നിന്ന് നവി തേസി 50 ലക്ഷം രൂപ തട്ടിയെടുത്തെന്നും, അതിനാലാണ് ഇയാളുടെ സ്ഥാപനങ്ങൾക്ക് നേരെ വെടിവയ്പ്പ് നടത്തിയതെന്നും ഫത്തേ പോർച്ചുഗൽ പോസ്റ്റിൽ അവകാശപ്പെട്ടു.

ഫത്തേ പോർച്ചുഗലിന്റെ വാക്കുകൾ:

'ഞാൻ ഫത്തേ പോർച്ചുഗലാണ് സംസാരിക്കുന്നത്. നവി തേസിയുടെ സ്ഥാപനങ്ങൾക്ക് നേരെ നടന്ന വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഞങ്ങൾ ഇവിടെ വെടിവയ്പ്പ് നടത്തുകയാണ്. ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ പേര് പറഞ്ഞ് നവി തേസി ഗായകരിൽ നിന്ന് 50 ലക്ഷം രൂപ നിർബന്ധിച്ച് പിരിച്ചു. അതുകൊണ്ടാണ് ഞങ്ങൾ അയാളെ ലക്ഷ്യമിടുന്നത്.

'കഷ്ടപ്പെട്ട് ജോലി ചെയ്ത് ജീവിക്കുന്നവരോട് ഞങ്ങൾക്ക് ശത്രുതയില്ല. സത്യസന്ധമായി ജോലി ചെയ്ത് ജീവിക്കുകയും ഞങ്ങളുടെ ചെറുപ്പക്കാരെ ബഹുമാനിക്കുകയും ചെയ്യുന്നവരുമായി ഞങ്ങൾക്ക് പ്രശ്നങ്ങളില്ല. ഇനി ആരെങ്കിലും വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ, ആ വ്യാപാരികളുടെ ജീവനോ ബിസിനസിനോ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം ഞങ്ങൾക്കല്ല, നിങ്ങൾക്കായിരിക്കും. ഞങ്ങളുടെ മാർഗം ശരിയായിരിക്കില്ല , പക്ഷേ ഉദ്ദേശ്യം തെറ്റല്ല'.-ഫത്തേ പോർച്ചുഗൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ചയാണ് കാനേഡിയൻ സർക്കാർ ബിഷ്ണോയി സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. കാനഡയിൽ അക്രമങ്ങൾക്കും ഭീഷണിക്കും സ്ഥാനമില്ലെന്നും, ചില സമുദായങ്ങളെ ലക്ഷ്യമിട്ട് ഭയം സൃഷ്ടിക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും കനേഡിയൻ പൊതു സുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരീ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ നടന്ന വെടിവയ്‌പ്പ് കാനഡയിൽ പുതിയ സുരക്ഷാ ഭീഷണിയായി മാറിയിരിക്കുകയാണ്.