പഴയ രാജപാതയിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴി

Tuesday 07 October 2025 1:26 AM IST

പാറശാല: പഴയ രാജപാതയെന്നറിയപ്പെടുന്ന ദേശീയപാതയുടെ ഒത്ത നടുവിൽത്തന്നെ അപകടക്കുഴി രൂപപ്പെട്ടിട്ടും അധികൃതർ അത് നന്നാക്കാനുള്ള നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. പരശുവയ്ക്കൽ പെട്രോൾ പമ്പിന് മുന്നിലായിട്ടാണ് പത്ത് മീറ്ററോളം നീളത്തിൽ അപകടക്കുഴിയുള്ളത്.

റോഡിന് നടുവിലൂടെ കടന്നുപോകുന്ന വാട്ടർ അതോറിട്ടിയുടെ പൈപ്പ്‌ലൈൻ പൊട്ടിയതോടെയാണ് റോഡിൽ അപകടക്കുഴി രൂപപ്പെട്ടത്. പൈപ്പ്‌പൊട്ടി ഒരു ദിവസം കഴിഞ്ഞെത്തിയ വാട്ടർ അതോറിട്ടി അധികൃതർ റോഡിന് നടുവിലൂടെ ജെ.സി.ബി ഉപയോഗിച്ച് കുഴിച്ച് പൊട്ടിയ പൈപ്പ് കൂട്ടിയോജിപ്പിച്ചു. തുടർന്ന് കുഴി മണ്ണിട്ട് മൂടി സ്ഥലംവിട്ടു.

 വെളിച്ചക്കുറവും

പരശുവയ്ക്കൽ പെട്രോൾ പമ്പിന് സമീപത്ത് അടുത്തകാലത്തായി നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഈ സ്ഥലത്തുതന്നെയാണ് ഇപ്പോഴത്തെ കുഴിയും. പകൽസമയത്ത് യാത്രക്കാർ കുഴി ഒഴുവാക്കി പോകുമെങ്കിലും രാത്രി യാത്രക്കാർ കുഴി കണ്ടെന്നുവരില്ല. പ്രദേശത്തെ വെളിച്ചമില്ലായ്മയാണ് പ്രധാന കാരണം. ഇത് അപകടങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.  അപകടം ഉറപ്പ് കൊറ്റാമം ഭാഗത്തുനിന്നെത്തുന്ന ഇരുചക്ര വാഹനയാത്രക്കാർ കുഴിയിൽ വീഴാതിരിക്കാനായി ഏറെ ശ്രദ്ധിച്ച് ഇടത്തേക്കോ വലത്തേക്കോ മാറിയാലും അപകടം ഉണ്ടാകാം. വലത്തോട്ട് മാറിയാൽ എതിരെവരുന്ന വാഹനത്തെ മറികടക്കേണ്ടിവരും. മാത്രമല്ല റോഡിലെ അവിടവിടെയായി രൂപപ്പെട്ടിട്ടുള്ള ചെറിയ കുഴികളിലും വീഴും. ഇടത്തേക്ക് തിരിഞ്ഞാൽ റോഡിൽ കിടക്കുന്ന ഇളകിയ മണ്ണിൽ തെന്നിവീഴാനും സാദ്ധ്യത ഏറെയാണ്.

 പ്രതിഷേധം ശക്തം പ്രദേശത്ത് അടിക്കടി പൈപ്പുകൾ പൊട്ടാറുണ്ടെങ്കിലും കാലപ്പഴക്കം ചെന്ന എ.സി പൈപ്പുകൾ മാറ്റി പകരം പുതിയ കാസ്റ്റ് അയൺ പൈപ്പുകൾ സ്ഥാപികാത്തതാണ് അടിക്കടി പൈപ്പുകൾ പൊട്ടുന്നതിന് കാരണം. എന്നാൽ പൈപ്പുകൾ പൊട്ടുന്നതിലൂടെ റോഡ് തകരുന്നതിന് കാരണക്കാരായ വാട്ടർ അതോറിട്ടി അധികൃതരോ ദേശീയപാത അധികൃതരോ തിരിഞ്ഞുനോക്കാത്തത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.