കൊടുവള്ളി മേൽപ്പാലത്തിന് കീഴിൽ ഫുഡ് സ്ട്രീറ്റ്

Monday 06 October 2025 8:16 PM IST

തലശ്ശേരി :കൊടുവള്ളി റെയിൽവേ മേൽപ്പാലത്തിന്റെ അടിവശത്ത് ഫുഡ് സ്ട്രീറ്റ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിന്റെ അദ്ധ്യക്ഷതയിൽ സ്പീക്കറുടെ ചേംബറിൽ ചേർന്ന് യോഗത്തിലാണ് തീരുമാനമെടുത്തത്. കൊടുവള്ളി റെയിൽവേ ഗേറ്റിനോട് ചേർന്ന് അടഞ്ഞ ഭാഗത്ത് മേൽപ്പാലത്തിന്റെ കീഴിൽ ഫുഡ് സ്ട്രീറ്റ് നിർമ്മിക്കുന്നതിന് തലശ്ശേരി ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റിക്ക് കേരള പ്രൊഫഷണൽ നെറ്റ് വർക്ക് തലശ്ശേരി ചാപ്റ്റർ സമർപ്പിച്ച പ്രൊപ്പോസൽ അംഗീകരിച്ചതായി മന്ത്രി യോഗത്തെ അറിയിക്കുകയായിരുന്നു.പ്രോജക്ടിന്റെ കൺസെപ്ടും ഡിസൈനും സ്പീക്കറുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി എസ്‌കെ.അർജ്ജുൻ അവതരിപ്പിച്ചു. യോഗത്തിൽ പൊതുമരാമത്ത് വകുപ്പുമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി അജിത്ത് ലാൽ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ എന്നിവരും പങ്കെടുത്തു.