വിതുരയിൽ അറുതിയില്ലാതെ കാട്ടാനശല്യം

Tuesday 07 October 2025 4:45 AM IST

വിതുര: പലതവണ അധികൃതരോട് പരാതി പറഞ്ഞിട്ടും വിതുര പഞ്ചായത്തിലെ മണലി മേഖലയിൽ കാട്ടാനശല്യം അറുതിയില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ എത്തിയ കാട്ടാനക്കൂട്ടം മണലി ലക്ഷ്മി വിലാസത്തിൽ സതീഷ്ചന്ദ്രൻനായരുടെ കൃഷി മുഴുവൻ നശിപ്പിച്ചു. ഒരാഴ്ചമുമ്പും ഇവിടെ രാത്രിയിൽ ആനക്കൂട്ടം ഇറങ്ങിയിരുന്നു. നേരത്തേ ഒരുവീട് തകർക്കുകയും ഒരാളെ ആക്രമിച്ച് പരിക്കേല്പിക്കുകയും ചെയ്തിരുന്നു.

മണലി മേഖലയിലെ കമുക്,വാഴ,മരച്ചീനി,പച്ചക്കറി, റബർ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. രാത്രിയായാൽ ആനശല്യത്താൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. പ്രദേശത്തെ ഭൂരിഭാഗം കൃഷികളും ഇതിനകം നശിപ്പിച്ചതോടെ പ്രദേശത്ത് കൃഷി അന്യമായി മാറിക്കഴിഞ്ഞു. പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി നാട്ടുകാർ പറയുന്നു. രാത്രിയിൽ പ്രദേശത്ത് തമ്പടിക്കുന്ന കാട്ടാനകൾ നേരം പുലരുവോളം ചിന്നം വിളിക്കുകയാണ് പതിവ്. കുട്ടികളടക്കം ഭയന്നുവിറച്ചാണ് കഴിയുന്നത്. വനമേഖലയോട് ചേർന്ന പ്രദേശമായ മണലി മേഖലയിൽ ആന എത്താത്ത ദിവസങ്ങൾ കുറവാണ്. കാട്ടാനയ്ക്ക് പുറമേ കാട്ടുപോത്തുകളും,പുലിയും വരെ ഇവിടെ എത്താറുണ്ട്.

കാടുകയറാതെ ഒറ്റയാൻ

മാസങ്ങൾക്കു മുമ്പ് പരിക്കുപറ്റിയ ഒറ്റയാൻ മണലിമേഖലയിൽ ഇറങ്ങിയിരുന്നു. വനപാലകർ മയക്കുവെടിവച്ച് ഒറ്റയാനെ പിടികൂടി ചികിത്സ നൽകി കാട്ടിലേക്കയച്ചു. പിന്നീട് തിരിച്ചെത്തിയ ഒറ്റയാൻ മണലിയിലെ കൃഷിയിടങ്ങൾ നശിപ്പിക്കാൻ തുടങ്ങി. ആദിവാസികൾ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഒറ്റയാൻ മടങ്ങിപ്പോയില്ല. ആദിവാസികൾ നൽകിയ പരാതിയെതുടർന്ന് വനപാലകരെത്തി ഒറ്റയാനെ കാട്ടിലേക്ക് തുരത്തിവിടാൻ ശ്രിമിച്ചെങ്കിലും ഫലം കണ്ടില്ല. പകൽസമയത്തുപോലും ഒറ്റയാനെ ജനവാസമേഖലയിൽ കാണാം. ആനയെ പിടികൂടി കോട്ടൂർ ആനസങ്കേതത്തിലേക്ക് കൊണ്ടുപോകണമെന്നാണ് ആദിവാസികൾ ആവശ്യപ്പെടുന്നത്.

ആനക്കിടങ്ങും വൈദ്യുതിവേലിയും

കാട്ടാനശല്യം തടയാൻ മണലി പ്രദേശത്ത് വനപാലകർ സ്ഥാപിച്ച ഫെൻസിംഗും ആനക്കിടങ്ങും യാഥാർത്ഥ്യമായില്ല. വർദ്ധിച്ചുവരുന്ന കാട്ടുമൃഗശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ട് നിരവധി തവണ നിവേദനം നൽകുകയും സമരം നടത്തുകയും ചെയ്തെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആദിവാസികൾ പറയുന്നു.

വിതുര പഞ്ചായത്തിലെ മണലി വാർഡിൽ വർദ്ധിച്ചുവരുന്ന കാട്ടുമൃഗശല്യത്തിന് പരിഹാരം കാണണം. ആനക്കിടങ്ങും, വൈദ്യുതിവേലിയും നിർമ്മിക്കണം. അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ വിതുര ഫോറസ്റ്റ് ഓഫീസ് പടിക്കൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.

മണലി കൃഷ്ണൻകുട്ടി

പൊതുപ്രവർത്തകൻ