ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെ ചോദ്യം ചെയ്ത് വിട്ടയച്ചു,​ സസ്‌പെൻഡ് ചെയ്ത് ബാർ കൗൺസിൽ

Monday 06 October 2025 9:03 PM IST

ന്യൂഡൽഹി: സുപ്രീംകോടതിക്കുള്ളിൽ വച്ച് ചീഫ് ജസ്റ്റിസ് ബി.ആ‍ർ. ഗവായിക്ക് നേരെ ഷൂസെറിയാൻ ശ്രമിച്ച അഭിഭാഷകനെ ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്നുമണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് 71 വയസുള്ള രാകേഷ് കിഷോറിനെ വിട്ടയച്ചത്. അദ്ദേഹത്തിനെതിരെ കുറ്റം ചുമത്താൻ സുപ്രീംകോടതി രജീസ്ട്രാർ ജനറൽ വിസമ്മതിച്ചതിനെ തുടർന്നാണ് ഡൽഹി പൊലീസ് പോകാൻ അനുവദിച്ചത്. ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശപ്രകാരമാണ് ഇതെന്നാണ് റിപ്പോർട്ട്.

അതേസമയം അഭിഭാഷകൻ രാകേഷ് കിഷോറിനെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ സസ്‌പെൻഡ് ചെയ്തു. രാകേഷ് കിഷോറിന്റെ പ്രവൃത്തി കടുത്ത അച്ചടക്ക ലംഘനമാണെന്ന് ബി.സി.ഐ ചെയർമാൻ മനാൻ കുമാർ മിശ്ര അഭിപ്രായപ്പെട്ടു. സുപ്രീംകോടതി ബാർ അസോസിയേഷനും സുപ്രീംകോടതി അഡ്വക്കേറ്റസ്ഓൺറെക്കോർഡ് അസോസിയേഷനും നടപടിയെ അപലപിച്ചു.

രാവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ കോടതിയിലായിരുന്നു സംഭവം. ജഡ്ജിമാരുടെ ഡയസിനടുത്തെത്തി അഭിഭാഷകൻ രാകേഷ് കിഷോർ ഷൂ ഊരി ചീഫ് ജസ്റ്റിസിനെ എറിയാൻ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ സമയോചിതമായി ഇടപെട്ട് അഭിഭാഷകനെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. 'സനാതന ധർമ്മത്തിന് നേരെയുള്ള അപമാനം ഇന്ത്യ വെച്ചുപൊറുപ്പിക്കില്ല' എന്ന് വിളിച്ചുപറഞ്ഞാണ് രാകേഷ് കിഷോർ ചീഫ് ജസ്റ്റിസ് ബിആർ ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ചത്.