അപകടം തുടർക്കഥയാകുന്നു...... നീങ്ങാതെ പോള പായാതെ ബോട്ട്
കോട്ടയം : ഒന്ന് ഉറപ്പാണ്. പോളശല്യം ഇത്തരത്തിലെങ്കിൽ ജലഗതാഗതം വഴിമുട്ടും. വാരിമാറ്റാനോ സംവിധാനമില്ല. പതിവിന് വിപരീതമായി തണ്ണീർമുക്കം ബണ്ട് അടക്കുന്നതിന് മാസങ്ങൾക്ക് മുൻപേ വേമ്പനാട്ടുകായലിലും സമീപ ആറുകളിലും തോടുകളിലും പോള നിറഞ്ഞു. ബോട്ട് അടക്കമുള്ള ജലയാനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയാതെയായി. മുഹമ്മ -ആലപ്പുഴ ബോട്ട് സർവീസിനെയാണ് ഇത് കൂടുതലും പ്രതികൂലമായി ബാധിക്കുന്നത്. ഒക്ടോബർ 2 ന് നിയന്ത്രണംവിട്ട ബോട്ട് ഹൗസ് ബോട്ടിൽ ഇടിച്ചു കയറി നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. സെപ്തംബർ 30 ന് വിനോദസഞ്ചാരികളുമായി പോയ ബോട്ട് നടുക്കായലിൽ പോളയിൽ കുരുങ്ങിക്കിടന്നത് 4 മണിക്കൂറാണ്. തുടർന്ന് മുഹമ്മയിൽ നിന്ന് റെസ്‌ക്യൂബോട്ട് എത്തിച്ച് സഞ്ചാരികളെ രക്ഷപ്പെടുത്തി കുമരകം ബോട്ട് ജെട്ടിയിൽ എത്തിക്കുകയായിരുന്നു. പോള തിങ്ങിനിറഞ്ഞതോടെ വെള്ളം മലിനമായി പടിഞ്ഞാറൻ മേഖല സാംക്രമികരോഗഭീതിയിലാണ്. ക്രിസ്മസ്, ന്യൂ ഇയർ കായൽ ടൂറിസത്തെയും ഇത് സാരമായി ബാധിക്കും.
പ്രൊപ്പല്ലറിൽ കുരുങ്ങും, പിന്നെ പെടാപ്പാട്
പോളയോടൊപ്പം മരക്കഷ്ണങ്ങൾ, പ്ലാസ്റ്റിക്ക്, ചാക്ക്, പായ, ബെഡ്, തലയിണ തുടങ്ങി തോട്ടിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങൾ ബോട്ടുകളുടെ പങ്കയിൽ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെടുകയാണ്. പ്രൊപ്പല്ലറിൽ പോള കുരുങ്ങി ബോട്ട് നിശ്ചലമായാൽ ജീവനക്കാർ വെള്ളത്തിൽ ഇറങ്ങി പോള നീക്കണം. രാത്രി സർവീസിലും കാറ്റിലുംകോളിലും കായലിനു നടുവിൽ ബോട്ട് നിശ്ചലമാകുന്നത് അപകടം ക്ഷണിച്ച് വരുത്തും. കോട്ടയം - ആലപ്പുഴ ബോട്ട് സർവീസും പോള ശല്യത്തിന്റെ പിടിയിലായി.
വേമ്പനാട്ടുകായലിൽ ചെളി കൂടിയതോടെ കരിമീൻ, ചെമ്മീൻ, കൊഞ്ചു ലഭ്യത വളരെ കുറഞ്ഞു. പോള നിറയുന്നതോടെ മത്സ്യ തൊഴിലാളികളുടെ ഉപജീവന മാർഗത്തെയും സാരമായി ബാധിച്ചേക്കും.
പോളവാരൽ യന്ത്രം എവിടെ ?
പോളനിർമ്മാർജന പദ്ധതികൾക്കായി സർക്കാർ ലക്ഷങ്ങൾ ചെലവഴിച്ചിട്ടും ഒരു പദ്ധതിയും വിജയം കണ്ടില്ല. ജില്ലാ പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി വർഷങ്ങൾക്കു മുമ്പ് പോള വാരൽയന്ത്രം വാങ്ങിയെങ്കിലും പ്രവർത്തിപ്പിക്കാനാവാതെ കരയിലാണ്. തകരാർ പരിഹരിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു.
പ്രതിസന്ധി നേരിടുന്നവർ
മത്സ്യതൊഴിലാളികൾക്കും കായൽ നിലങ്ങളിൽ പുല്ലു ശേഖരിക്കുന്നവർക്കും ഹൗസ് ബോട്ട് മേഖലയ്ക്കും, കുമരകത്തെ ടൂറിസം മേഖലയ്ക്കും തിരിച്ചടി കോട്ടയം ആലപ്പുഴ ബോട്ട് സർവീസിന്റെ സമയക്രമം താളംതെറ്റുന്നു
''പോള ശല്യവും ജലജന്യരോഗങ്ങളും എല്ലാ വർഷവും ആവർത്തിക്കുന്നത് വേമ്പനാട്ടു കായലുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കും. ഇതേ ക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തി പ്രായോഗിക പരിഹാരം കണ്ടെത്തണം .
-ഡോ. ശിവദാസ് (പരിസ്ഥിതി പ്രവർത്തകൻ )