ആരോഗ്യസംരക്ഷണ മേഖലയിൽ ചുവടുവച്ച് കെ.സി.സി.പി.എൽ ആന്റിസെപ്റ്റിക്സ് ആൻഡ് ഡിസിൻഫെക്ടന്റ്സ് മാനുഫാക്ചറിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം 16ന്

Monday 06 October 2025 9:34 PM IST

കണ്ണൂർ: ആരോഗ്യ സംരക്ഷണം, ശുചിത്വ ഉൽപന്ന നിർമ്മാണ മേഖലകളിൽ പുതിയ ചുവടുവെപ്പുമായി പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി.എൽ. കമ്പനിയുടെ കണ്ണപുരം യൂണിറ്റിൽ ആരംഭിച്ച പുതിയ ആന്റിസെപ്റ്റിക്സ് ആൻഡ് ഡിസിൻഫെക്ടന്റ്സ് മാനുഫാക്ചറിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം 16 ന് രാവിലെ 9ന് വ്യവസായ കയർ നിയമ വകുപ്പ് മന്ത്രി പി.രാജീവ് നിർവ്വഹിക്കും.

ആന്റിസെപ്റ്റിക് സൊല്യൂഷൻ-പ്ലസ്സ്, ആന്റിസെപ്റ്റിക് സൊല്യൂഷൻ-ക്ലിയർ, ആന്റിസെപ്റ്റിക് സൊല്യൂഷൻ സൂപ്പർ, ഐസോ റബ്ബ്, എതനോൾ റബ്ബ്, ടോപ്പിക്കൽ സൊല്യൂഷൻ- പ്ലസ്സ്, ടോപ്പിക്കൽ സൊല്യൂഷൻ-ക്ലിയർ, കെ.സി.സി.പി.എൽ സെപ്റ്റോൾ, സുപ്രീം എ.എസ്, ക്ലോറോക്സൈലിനോൾ, സർജിസോൾ, കെ.സി.സി.പി ഡിസിന്റോൾ, മൗത്ത് വാഷ് എന്നിങ്ങനെ 12 തരം പുതിയ ഡിസിൻഫെക്ടന്റുകളുടെ ഉത്പാദനം ഇവിടെ നടക്കും.

പുതിയ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ സംസ്ഥാന തലത്തിലും രാജ്യവ്യാപകമായും ആരോഗ്യ സംരക്ഷണ ഉൽപന്ന നിർമ്മാണത്തിൽ ശക്തമായ സ്ഥാനം നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിൽ ഉറപ്പ് നൽകുന്നതിനൊപ്പം പൊതുജനാരോഗ്യ രംഗത്ത് പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ കമ്പനി നടത്തുന്ന സംഭാവനകൾ ഈ പദ്ധതി വഴി ഗണ്യമായി ഉയരും.

കൊവിഡ് കാലത്ത് 'ഡിയോണി'ൽ തുടക്കം

കൊവിഡ് കാലത്ത് തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പിക്കാൻ വേണ്ടിയാണ് കണ്ണപുരം യൂണിറ്റിൽ സാനിറ്റൈസർ, ഹാൻഡ് വാഷ്, ഫ്‌ളോർ ക്ലീനർ, ഡി.എം. വാട്ടർ തുടങ്ങിയ ഉത്പന്നങ്ങളുടെ നിർമ്മാണം ആരംഭിച്ചത്. 'ഡിയോൺ' എന്ന ബ്രാൻഡിലാണ് ഇവ വിപണിയിൽ എത്തിയത്. നേരത്തെ കമ്പനി നടപ്പിലാക്കിയ ഐ.ടി ഇൻക്യുബേഷൻ സെന്റർ, കോക്കനട്ട് ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കോംപ്ലക്സ്, ഹൈടെക് കയർ ഡിഫൈബറിംഗ് യൂണിറ്റ്, പെട്രോൾ പമ്പുകൾ എന്നിവയും വിജയത്തിലെത്തിയിരുന്നു.