സംഗീത് സാഗറും ഇമ്രാൻ അഷ്റഫും മങ്കാട് ട്രോഫി കേരള ടീമിൽ

Monday 06 October 2025 9:53 PM IST

തലശേരി: പോണ്ടിച്ചേരിയിൽ 9 മുതൽ 17 വരെ നടക്കുന്ന 19 വയസിന് താഴെയുള്ള ആൺകുട്ടികളുടെ വിനു മങ്കാദ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിൽ കണ്ണൂരുകാരായ സംഗീത് സാഗറും ഇമ്രാൻ അഷ്റഫും ഇടം നേടി.ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒ.വി. മസർമൊയ്തു, ഡിജുദാസ്, എ.കെ. രാഹുൽദാസ് എന്നിവരുടെ കീഴിൽ പരിശീലിക്കുന്ന താരങ്ങളാണ്.

ഓപ്പണിംഗ് ബാറ്ററായ സംഗീത് സാഗർ കഴിഞ്ഞ വർഷം ബി.സി.സി.ഐയുടെ കുച്ച് ബിഹാർ ട്രോഫിക്കുള്ള കേരള ടീമിലും 2022–23 സീസണിൽ വിജയ് മർച്ചന്റ് ട്രോഫിയിലും ടീമംഗമായിരുന്നു.തലശേരി കോട്ടയം പൊയിൽ എടത്തിൽ ഹൗസിൽ വി. ഗിരീഷ് കുമാറിന്റെയും കെ.കെ.ഷിജിനയുടെയും മകനായ സംഗീത് പന്ത്രണ്ടാം ക്ലാസ് ഓപൺ സ്‌കൂൾ വിദ്യാർത്ഥിയാണ്.ടോപ് ഓർഡർ ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇമ്രാൻ അഷ്റഫ്, കഴിഞ്ഞ സീസണിൽ വിജയ് മർച്ചന്റ് ട്രോഫിയിൽ കേരള ടീമിനെ പ്രതിനിധീകരിച്ചിരുന്നു. എട്ടിക്കുളം മൊട്ടക്കുന്ന് എൻ.എം.സി ഹൗസിൽ മുഹമ്മദ് അഷ്റഫിന്റെയും എൻ.എം.സി. സെലീനയുടെയും മകനാണ്.