ടോളില്ലാതെ രണ്ട് മാസം... വാഹനങ്ങൾക്ക് ലാഭം വൻ തുക

Tuesday 07 October 2025 12:56 AM IST

  • ടോൾ കമ്പനിക്ക് നഷ്ടം ഏകദേശം 50 ലക്ഷം

തൃശൂർ: ടോൾപിരിവ് തടഞ്ഞത് നീട്ടിയതോടെ കുരുക്കിൽപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമാകുകയാണ് ഹൈക്കോടതി വിധി. സ്വകാര്യ വാഹനങ്ങൾക്ക് പുറമെ സ്വകാര്യ ബസുകൾക്കും കെ.എസ്.ആർ.ടി.സിക്കും ലോറികൾക്കും വൻ തുകയാണ് കഴിഞ്ഞ രണ്ടുമാസമായി ലാഭം. ആഗസ്റ്റ് ആറിനാണ് ആദ്യമായി ടോൾപിരിവ് താൽക്കാലികമായി നിറുത്തിയത്. എന്നിട്ടും കരാറുകാരും ദേശീയപാത അതോറിറ്റിയും ചേയ്യേണ്ട ജോലി ചെയ്യാത്തതിനാൽ ടോൾ നീട്ടുകയായിരുന്നു. രണ്ട് മാസമായി ടോൾ താൽക്കാലികമായി നിർത്തിയതോടെ കോടികളാണ് ടോൾ കമ്പനിക്ക് നഷ്ടം. ദിവസവും 50ലക്ഷം രൂപയോളമാണ് ടോൾ പിരിവായി ലഭിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഒരു കോടിയോളം രൂപ മാസം തോറും ടോൾ ഒഴിവാക്കിയതിലൂടെ ലാഭമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. സർക്കാർ തുടക്കത്തിൽ ടോൾ കമ്പനിക്കൊപ്പം നിൽക്കാൻ ശ്രമിച്ചെങ്കിലും ജനങ്ങളുടെ പ്രതിഷേധം ശക്തമാണെന്ന് കണ്ടതോടെ പിൻവലിഞ്ഞു. മുരിങ്ങൂരിൽ കഴിഞ്ഞ ദിവസം സർവീസ് റോഡ് ഇടിയുക കൂടി ചെയ്തതോടെ കുരുക്ക് മുറുകയിതാണ് വീണ്ടും ടോൾ കമ്പനിക്ക് തിരിച്ചടിയായത്.

ഫ്‌ളക്‌സ് ഉയർത്തി ലോറിയുടമകൾ

ടോളിനെതിരെ കോടതിയിൽ വാദിച്ച് രണ്ട് മാസത്തോളം സൗജന്യ യാത്ര ഒരുക്കിയ അഡ്വ. ഷാജി കോടങ്കണ്ടത്തിന്റെ ഫ്‌ളക്‌സുയർത്തി ലോറി ഡ്രൈവർമാരും ഉടമകളും. ടോൾ ഒഴിവാക്കിയതോടെ ദിവസവും മൂന്നും നാലും തവണ പാലിയേക്കരയിലൂടെ പോകുന്ന ലോറികൾക്ക് മാസം തോറും വൻതുക ലാഭമാണിപ്പോൾ. ദേശീയപാതയുടെ പല ഭാഗങ്ങളിലാണ് ഷാജി കോടങ്കണ്ടത്തിന് അഭിവാദ്യമർപ്പിച്ച് ഫ്‌ളക്‌സുയർത്തിയിരിക്കുന്നത്. ടോളിനെതിരെ നിരന്തരം പൊരുതിക്കൊണ്ടിരിക്കുന്ന ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റിന്റെയും ഒ.ജെ.ജനീഷിന്റെയും ഹർജികളാണ് ടോൾ വിഷയത്തിൽ പരിഗണിക്കുന്നത്. ടോൾ പിരിക്കാനുള്ള കാലാവധി 2026ൽ നിന്ന് 2028 വരെ നീട്ടിക്കൊടുത്തത് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.