വീണ്ടും ബമ്പർ തിളക്കത്തിൽ ആലപ്പുഴ
ആലപ്പുഴ: കഴിഞ്ഞ വർഷം വിഷു. ഇത്തവണ ഓണം. തുടർച്ചയായി ബമ്പർ സമ്മാനങ്ങൾ തേടി എത്തുന്നതിന്റെ സന്തോഷത്തിലാണ് ആലപ്പുഴ.പഴവീട് പ്ലാംപറമ്പിൽ വീട്ടിൽ വിശ്വംഭരനാണ് 2024ലെ വിഷു ബമ്പർ സമ്മാനമായ 12കോടി ലഭിച്ചത്. ആലപ്പുഴ കൈതവനയിലെ തൃക്കാർത്തിക ലോട്ടറി ഏജൻസിയിൽ നിന്നെടുത്ത വി സി 490987 എന്ന ടിക്കറ്റ് നമ്പറിനാണ് ഭാഗ്യം തുണച്ചത്. ഇപ്പോൾ മകളൊടോപ്പം തിരിവനന്തപുരത്താണ് വിശ്വംഭരൻ താമസിക്കുന്നത്. ലോട്ടറിയടിച്ച് തുക ഉപയോഗിച്ച് ഇരു മക്കൾക്കും വീട് നിർമ്മിച്ച് നൽകി. കൂടാതെ സ്വന്തം പേരിലും കുടുംബാഗങ്ങളുടെ പേരിലും ബാങ്കിൽ നിശ്ചിത തുക നിക്ഷേപിച്ചു. കുറച്ച് തുക സഹായമായും നൽകി. 1968ൽ സി.ആർ.പി എഫിൽ റിക്രൂട്ടമെന്റ് ലഭിച്ച വിശ്വംഭരൻ 20 വർഷത്തെ സേവനത്തിനുശേഷം ലാൻസ് നായിക് പദവിയിലിരിക്കെ വോളന്ററി
റിട്ടയർമെന്റ് എടുത്തു. പിന്നീട് എറണാകുളത്ത് സൗത്ത് ഇന്ത്യൻ ബാങ്കിൽ ദീർഘകാലം സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. പിന്നിട് ഭാര്യ പ്രസന്നകുമാരിയുടെ നാടായ ഹരിപ്പാട് താമല്ലാക്കലിൽ വീട് പണിതു. ഇതിനിടെ മക്കളായ വീണയുടെയും (ടെക്നോപാർക്ക് ജീവനക്കാരി) വിദ്യയുടെയും (അദ്ധ്യാപിക) വിവാഹം നടത്തി. തുടർച്ചയായ രണ്ടാം വർഷവും ആലപ്പുഴയ്ക്ക് ബമ്പർ ലഭിച്ചതിലൂടെ വരും വർഷങ്ങളിൽ കച്ചവടം വർദ്ധിക്കുമെന്നാണ് ടിക്കറ്റ് വിൽപ്പനക്കാരുടെ പ്രതീക്ഷ.